JNANDARSHAN NEWS -പദാര്‍ഥ കണത്തിന് പ്രകാശത്തേക്കാള്‍ വേഗം? ശാസ്ത്രലോകത്ത് ഞെട്ടല്‍

Sunday, August 18, 2013

കത്തുകള്‍

സ്റ്റാമ്പ് വരുന്നു...
കത്തെഴുതി അയയ്ക്കുമ്പോള്‍ സ്റ്റാമ്പ് ഒട്ടിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ പണ്ടുണ്ടോ സ്റ്റാമ്പുകള്‍. കത്ത് എഴുതുന്നയാള്‍ കത്ത് അയയ്ക്കുന്നതിനു കൂലി കൊടുക്കുന്ന ഏര്‍പ്പാടായിരുന്നു അന്ന്. കൂലിയടച്ച കത്തുകള്‍ക്ക് മുകളില്‍ പെയ്ഡ് എന്ന് മുദ്രകുത്തിയിട്ടുണ്ടാകും. അല്ലാത്തവ ആരുടെ പേരിലാണോ ആ കത്ത് അയയ്ക്കുന്നത് അത് സ്വീകരിക്കുന്നവരില്‍ നിന്ന് കൂലി വാങ്ങിക്കും.

ഇടയ്ക്കു ചിലയാളുകള്‍ സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് ചില പ്രത്യേക കോഡുകള്‍ കത്തിനു പുറത്ത് എഴുതി കൂലി കൊടുക്കലില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവ മനസ്സിലാക്കാനിടയായ സര്‍ റോളണ്ട് ഹില്‍ എന്ന അധ്യാപകനാണ് സ്റ്റാമ്പിന്റെ ഉപജ്ഞാതാവ്. 1840 മെയ് ആറിനു പുറത്തിറങ്ങിയ പെനിബ്ലാക്ക് ആണ് സ്റ്റാമ്പുകളുടെ മുതുമുത്തച്ഛന്‍. ഇംഗ്ലണ്ടിലാണ് ഇവന്റെ പിറവി. വിക്‌ടോറിയ രാജ്ഞിയുടെ തലയുടെ ചിത്രമാണ് സ്റ്റാമ്പില്‍ ആലേഖനം ചെയ്തത്. പക്ഷേ, സ്റ്റാമ്പില്‍ ഇംഗ്ലണ്ട് എന്ന് അടിച്ചു ചേര്‍ക്കാന്‍ വിട്ടുപോയി.

ഇംഗ്ലണ്ടിനെത്തുടര്‍ന്ന് സ്റ്റാമ്പ് ഇറങ്ങിയത് ബ്രസീലിലായിരുന്നു- 1843-ല്‍. അമേരിക്ക (1847), ഫ്രാന്‍സ്, ബെല്‍ജിയം (1849), ഓസ്ട്രിയ (1850), കാനഡ (1851) എന്നിവിടങ്ങളിലും സ്റ്റാമ്പുകള്‍ പ്രചാരത്തില്‍ വന്നു. 1947 നവംബര്‍ 17നാണ് ഇന്ത്യയില്‍ ആദ്യത്തെ സ്റ്റാമ്പ് പ്രചാരത്തില്‍ വന്നത്. ത്രിവര്‍ണ പതാകയാണ് ഇതില്‍ ആലേഖനം ചെയ്യപ്പെട്ടത്.

1852 ജൂലായില്‍ സിന്ധ് പ്രവിശ്യയിലാണ് ഏഷ്യയില്‍ ആദ്യത്തെ സ്റ്റാമ്പ് പിറവി കൊണ്ടത്. സിന്ധ് ഡാക്കായിരുന്നു തപാല്‍ മുദ്ര.
സിന്ധ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സര്‍ ഹെന്‍റി ബാര്‍ട്ടില്‍ എഡ്‌വാര്‍ഡ് ഫ്രെറിയാണ് വട്ടത്തിലുള്ള ആ സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.


പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍
രാജ്യത്തെ ഓരോ പോസ്റ്റ് ഓഫീസിനെയും തിരിച്ചറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കത്തുകളുടെ അഡ്രസില്‍ അവസാനം ആറ് അക്കമുള്ള ഒരു നമ്പര്‍ കണ്ടിട്ടില്ലേ അതാണ് പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ അഥവാ പിന്‍.എട്ട് പോസ്റ്റല്‍ സോണുകളാണ് ഇന്ത്യയിലുള്ളത്. പിന്‍കോഡിലെ ഒന്നാമത്തെ അക്കം ഇത് ഏത് സോണിലാണെന്ന് സൂചിപ്പിക്കുന്നു. രണ്ടാമത്തെ അക്കം ഉപമേഖലയെയും മൂന്നാമത്തെ അക്കം സോര്‍ട്ടിങ് ജില്ലയെയും നാലാമത്തേത് തപാല്‍ റൂട്ടിനെയും അഞ്ച്, ആറ് അക്കങ്ങള്‍ അതത് റൂട്ടിലെ തപാല്‍ ആപ്പീസിനെയും കാണിക്കുന്നു.

പോസ്റ്റ് കോഡ് സമ്പ്രദായം നടപ്പിലാക്കിയ ആദ്യത്തെ രാജ്യം ജര്‍മനിയാണ്, കൊല്ലം 1941. ഇന്ത്യയില്‍ പോസ്റ്റ്‌കോഡ് സമ്പ്രദായം നിലവില്‍ വരുന്നത് 1972 ആഗസ്ത് 15നാണ്.


അച്ചടി വിദേശത്ത്‌
ലണ്ടനിലെ ഡിറേറ്റ ആന്‍ഡ് കമ്പനിയാണ് ഇന്ത്യന്‍ തപാല്‍വകുപ്പിനു വേണ്ട കവറും സ്റ്റാമ്പുകളുമെല്ലാം മുന്‍പ് അച്ചടിച്ചിരുന്നത്. പിന്നീടത് 1926-ല്‍ ആരംഭിച്ച ഇന്ത്യാ സെക്യൂരിറ്റി പ്രസിലേക്ക് മാറ്റി.

മണിയോര്‍ഡര്‍ വേഗത്തില്‍


ആവശ്യക്കാര്‍ക്ക് പണം എത്രയും പെട്ടെന്ന് എത്തിക്കാന്‍ തപാല്‍വകുപ്പ് ആരംഭിച്ച പുതിയ സംവിധാനമാണ്. ഐ.എം.ഒ. (ഇന്‍സ്റ്റന്റ് മണി ഓര്‍ഡര്‍) ഇനി ഇന്ത്യയിലെ ഏതുഭാഗത്തുനിന്നും തപാല്‍ ഓഫീസ് വഴി കമ്പ്യൂട്ടറിന്റെ സഹായത്തോടെ 1000 മുതല്‍ 50,000 രൂപ വരെ ആര്‍ക്കും കൈമാറാം.

അടച്ചുപൂട്ടല്‍ കാത്ത്


ലോകം വളരുന്നു. ആധുനിക സൗകര്യങ്ങള്‍ കൂടുന്നു. ഒപ്പം പഴയ സമ്പ്രദായങ്ങള്‍ പലതും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. പോസ്റ്റോഫീസുകള്‍ ഇതിനൊരു ഉദാഹരണമാണ്. ഗ്രാമങ്ങളിലെ പല പോസ്റ്റോഫീസുകളും അടച്ചുപൂട്ടുകയാണ്. എന്തായാലും ഒരു നല്ല മാറ്റമാണ് ഈ അടച്ചുപൂട്ടല്‍കൊണ്ട് സംഭവിക്കുക. പൂട്ടിപ്പോകുന്ന ഗ്രാമീണ തപാലാപ്പീസുകള്‍ക്ക് പകരം ബാങ്കുകളാണ് നിര്‍മിക്കുന്നത്. എ.ടി.എം. കൗണ്ടര്‍, ഇ-ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.ഭാവിയില്‍ സംഭവിക്കുന്ന മറ്റൊരു മാറ്റം ഇന്ത്യയിലും ഇനി ഒരാള്‍ക്ക് സ്വന്തം ഫോട്ടോ പതിച്ച സ്റ്റാമ്പ് ഒട്ടിച്ച് കത്തുകളയയ്ക്കാം എന്നതാണ്. ഇതുവഴി ജനങ്ങളും തപാലും തമ്മിലുള്ള ബന്ധം ദൃഢമാക്കാനാകും എന്ന പ്രതീക്ഷയും തപാല്‍ വകുപ്പിനുണ്ട്.
 
 
കത്തുകള്‍ പുസ്തകങ്ങളാകുമ്പോള്‍
ഇന്നത്തെ തലമുറയ്ക്ക് വായിക്കാന്‍ ഒരുപാടു കത്തുകള്‍, വിവര്‍ത്തനങ്ങളായും അല്ലാതെയും പുസ്തകരൂപത്തില്‍ ഇറങ്ങിയിട്ടുണ്ട്. അത്തരം ഏതാനും പുസ്തകങ്ങളെപ്പറ്റി ചില വിവരങ്ങള്‍:

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍


1928-ലെ വേനല്‍ക്കാലത്ത് മുസ്സൂറിയിലായിരുന്ന പത്തുവയസ്സുകാരി മകള്‍ ഇന്ദിരയ്ക്ക് ജവാഹര്‍ലാല്‍ നെഹ്‌റു അയച്ച കത്തുകളാണ് ഈ പുസ്തകത്തിലുള്ളത്. കത്തിന്റെ ഭാഷ ഇംഗ്ലീഷായിരുന്നു. പുസ്തകത്തിന്റെ അവതാരികയില്‍ നെഹ്‌റു ഇങ്ങനെ എഴുതി: 'ഇവ പത്തുവയസ്സു പ്രായമുള്ള ഒരു കുട്ടിക്ക് ഞാന്‍ അച്ഛന്‍ എന്ന നിലയില്‍ എഴുതിയതാണ്. എന്നാല്‍ മാന്യന്മാരായ ചില സ്‌നേഹിതന്മാര്‍ ഇവയില്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് കുറേയധികം പേരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ നന്നെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു.'


പ്രിയപ്പെട്ട സഹോദരിക്ക്


ജവാഹര്‍ലാല്‍ നെഹ്‌റു സഹോദരി കൃഷ്ണയ്ക്ക് എഴുതിയ കത്തുകളുടെ സമാഹാരമാണ് 'Nhknp'o Lhddhno dv xlo olodhn'. ബെറ്റി ഡിയര്‍, ഡാര്‍ലിങ് ബെറ്റ്‌സ് എന്നുമൊക്കെ സഹോദരിയെ സംബോധന ചെയ്തുകൊണ്ടുള്ള 93 കത്തുകളാണ് ഇതിലുള്ളത്.


ഗാന്ധി-ടോള്‍സ്റ്റോയ് കത്തുകള്‍


ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ 'ഹിന്ദുവിന് ഒരു കത്തി'ന്റെ പൂര്‍ണരൂപവും അതുമായി ബന്ധപ്പെട്ട് ഗാന്ധിജിയും ടോള്‍സ്റ്റോയും പരസ്പരം അയച്ച കത്തുകളുമടങ്ങിയതാണ് ഈ പുസ്തകം.


മഹാത്മാ...


രവീന്ദ്രനാഥ ടാഗോര്‍ ഗാന്ധിജിയെക്കുറിച്ചെഴുതിയ ലേഖനങ്ങളുടെ വിവര്‍ത്തനരൂപമായ 'മഹാത്മ'യില്‍ ഗാന്ധിജിയും ടാഗോറും പരസ്പരം യോജിച്ചും വിയോജിച്ചുമെഴുതിയ ഏതാനും കത്തുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഹയര്‍ ദാന്‍ ഹോപ്പ്


1976 ഒക്‌ടോബര്‍ 1ന് ജയിലില്‍ നിന്നും നെല്‍സണ്‍ മണ്ടേല പത്‌നി വിന്നി മണ്ടേലയ്ക്ക് എഴുതിയ കത്തില്‍ ഇങ്ങനെ കുറിക്കുകയുണ്ടായി.നിന്റെയും വീട്ടുകാരുടെയും കത്തുകള്‍ എന്റെ ജീവിതത്തെ ജീവസ്സുറ്റതും ആഹ്ലാദകരമാക്കുകയും ചെയ്യുന്ന വസന്തം പോലെയും വേനല്‍മഴയുടെ വരവുപോലെയുമാണ്.മണ്ടേലയുടെ ഈ കത്തുകള്‍ ഫാത്തിമ മീര്‍ എഴുതിയ മണ്ടേലയുടെ ജീവചരിത്രഗ്രന്ഥമായ 'ഹയര്‍ ദെന്‍ ഹോപ്പി'ല്‍ നിന്നുള്ളതാണ്.


ചില പുസ്തകങ്ങള്‍ കൂടി


1. ബഷീറിന്റെ കത്തുകള്‍-വൈക്കം മുഹമ്മദ് ബഷീര്‍
2. വിജയന്റെ കത്തുകള്‍ - ഒ.വി.വിജയന്‍
3. ശ്രീമതി ലളിതാംബിക അന്തര്‍ജനം, രാമപുരം പി.ഒ.
4. അന്തര്‍ജനത്തിന് സ്‌നേഹപൂര്‍വം - വയലാര്‍
5. ഫേണ്‍ഹില്‍-നിത്യചൈതന്യയതി

പെട്ടി പെട്ടി തപാല്‍പ്പെട്ടി
ലോകത്തിലെ ആദ്യത്തെ തപാല്‍പെട്ടി സ്ഥാപിച്ചത് പാരീസിലാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഡീവിലേയര്‍ എന്ന ഫ്രഞ്ചുകാരനാണ് ഇതിനു പിന്നില്‍.

1653 ല്‍ പാരീസ് നഗരത്തില്‍ ആദ്യ തപാല്‍പെട്ടി സ്ഥാപിച്ചു. പിന്നീട് 1829 ലാണ് ഫ്രാന്‍സില്‍ എല്ലായിടത്തുംതപാല്‍പെട്ടിയെത്തുന്നത്.

1842 ല്‍ പോളണ്ടില്‍ പൊതുജനങ്ങള്‍ക്കായുള്ള ആദ്യ തപാല്‍പെട്ടി സ്ഥാപിച്ചു.

19ാം നൂറ്റാണ്ടിലാണ് ഏഷ്യയിലേക്ക് തപാല്‍പെട്ടി കടന്നുവരുന്നത്. ഹോങ് കോങ്ങിലാണ് ആദ്യമായി സ്ഥാപിച്ചത്. 1890 കളില്‍ സ്ഥാപിച്ച വിളക്കുകാലിനോട് കൂടി ഘടിപ്പിക്കപ്പെട്ട തപാല്‍പെട്ടികള്‍ 1990 കള്‍ വരെ ഉപയോഗിച്ചിരുന്നു.

1850 കളിലാണ് അമേരിക്കയില്‍ ആദ്യമായി തപാല്‍പെട്ടിയെത്തുന്നത്.

പല നിറങ്ങളില്‍ തപാല്‍പെട്ടി കാണപ്പെടുന്നു. ഇന്ത്യയില്‍ ഇവയുടെ നിറം ചുവപ്പാണെങ്കില്‍ അമേരിക്കയില്‍ നീലയും സൗദിയില്‍ മഞ്ഞയും നീലയും സിംഗപ്പൂരില്‍ വെള്ളയുമാണ്.

രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന തപാല്‍പെട്ടികളുടെ നിറങ്ങള്‍



വിളക്കുകാലുകളില്‍ ഘടിപ്പിച്ച ലാമ്പ് ബോക്‌സ്, പില്ലര്‍ ബോക്‌സ്, വാള്‍ ബോക്‌സ്, ലഡ്‌ലോ വാള്‍ ബോക്‌സ് എന്നിങ്ങനെ നാലുതരത്തിലാണ് തപാല്‍പെട്ടികള്‍ കണ്ടുവരുന്നത്. 

കല്ലിലും ഇലയിലും
പാപ്പിറസ് കൊണ്ടുണ്ടാക്കിയ കടലാസ്‌



കടലാസില്‍ കത്തെഴുതുന്ന പതിവ് ആരംഭിച്ചിട്ട് അധികകാലമായില്ല. അതിനുമുന്‍പ് സന്ദേശങ്ങള്‍ കുറിച്ചത് കല്ലിലും കളിമണ്ണിലും പാപ്പിറസ് ഇലകളിലുമൊക്കെയായിരുന്നു. പിന്നീട് പാപ്പിറസ് ഇലകൊണ്ട് കടലാസ് ഉണ്ടാക്കിത്തുടങ്ങിയപ്പോള്‍ കത്തെഴുത്ത് കടലാസിലായി. ഭാരതത്തില്‍ പണ്ടുകാലത്ത് ചെമ്പുതകിടിലും താളിയോലകളിലും ആയിരുന്നു കത്തെഴുതിയിരുന്നത്.

തയ്യാറാക്കിയത് ഡോ. അനിത എം.പി