ലോകമാന്യ തിലകിന്റെ അപൂര്‍വ ശബ്ദരേഖ കണ്ടെത്തി
Published on 26 Aug 2012
പുണെ:
സ്വാതന്ത്ര്യ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ ലോകമാന്യ ബാലഗംഗാധര തിലക്
97 വര്‍ഷം മുമ്പ് നടത്തിയ ഹ്രസ്വപ്രസംഗത്തിന്റെ അപൂര്‍വ ശബ്ദരേഖ
കണ്ടെത്തി. ഇത്തരത്തിലൊരു ശബ്ദരേഖ ആദ്യമായാണ് ലഭിക്കുന്നതെന്ന്
ചരിത്രഗവേഷകര്‍ പറയുന്നു. ''സ്വരാജ്യം എന്റെ ജന്മാവകാശ''മാണെന്ന്
പ്രഖ്യാപിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ തിലക് 1920 ലാണ്
അന്തരിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളുമടങ്ങുന്ന
ശേഖരം പുണെയിലെ കേസരി ട്രസ്റ്റ് ലൈബ്രറി ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്.
എന്നാല്‍ ശബ്ദശേഖരം ലഭ്യമല്ല.
1915 സപ്തംബര്‍ 21 ന് പുണെയില്‍
നടന്ന ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന സംഗീതോത്സവത്തിനിടെ തിലക് നടത്തിയ
പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഈ സംഗീതോത്സവത്തില്‍
അന്നത്തെ പ്രമുഖ ഗായകരാണ് തിലകിന്റെ ക്ഷണപ്രകാരം പാടാനെത്തിയത്.
കറാച്ചിയില്‍ നിന്ന് സംഗീതോത്സവത്തിനെത്തിയ നാരംഗ് എന്നയാളാണ് പാട്ടുകള്‍
റെക്കോഡ് ചെയ്തത്. ഇതിനായി അമേരിക്കയില്‍ നിര്‍മിച്ച റെക്കോഡിങ് മെഷീന്
അദ്ദേഹം ഒപ്പം കരുതിയിരുന്നു.
വമ്പന്‍ ജനക്കൂട്ടമാണ്
സംഗീതോത്സവത്തിനെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ തിലക് തന്നെ വേദിയിലെത്തി.
നിശ്ശബ്ദരായിരിക്കാനും പാട്ടുകള്‍ ആസ്വദിക്കാനും ശ്രോതാക്കളോട്
അഭ്യര്‍ഥിക്കുന്ന തിലകിന്റെ ഹ്രസ്വപ്രസംഗമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
''സംഗീതോത്സവം കേള്‍ക്കാനെത്തിയവര്‍ പരിപൂര്‍ണ നിശ്ശബ്ദത പാലിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.
ഒച്ചയുണ്ടാക്കുന്നത്
ഞാന്‍ സഹിക്കില്ല. ആവശ്യമുള്ളവര്‍ക്ക് വേണമെങ്കില്‍ പുറത്തുപോകാം,
എന്നാല്‍ പാട്ടു തുടരും''-മറാഠിയില്‍ തിലക് ജനങ്ങളോട് പറയുന്നതാണ്
ശബ്ദരേഖയിലുള്ളത്. തിലകിന്റെ ശബ്ദം കേള്‍ക്കാന്‍ ഇപ്പോള്‍ ഇതു മാത്രമേ
ആശ്രയമായിട്ടുള്ളൂവെന്ന് തിലക് ട്രസ്റ്റിന്റെ ചെയര്‍മാനും അദ്ദേഹത്തിന്റെ
പ്രപൗത്രനുമായ ദീപക് തിലക് പറഞ്ഞു. ശബ്ദത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍
കഴിയുന്ന രേഖകളും മറ്റും ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നീല്‍ ആംസ്ട്രോങ് അന്തരിച്ചു
Published on 26 Aug 2012

വാഷിങ്ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന് നീല്‍ ആംസ്ട്രോങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഈ മാസാദ്യം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണു മരണകാരണമെന്നു കുടുംബവൃത്തങ്ങള്‍ പറഞ്ഞു.
അമേരിക്കന്‍ ബഹിയാകാശയാത്രികരായ നീല്‍ ആംസ്ട്രോങ്ങിനെയും എഡ്വിന് ആല്‍ഡ്രിനെയും വഹിച്ചുകൊണ്ടുള്ള 'അപ്പോളോ 11' പേടകം 1969 ജൂലായ് 20നാണു ചന്ദ്രനിലിറങ്ങിയത്. മിഷന് കമാന്‍ഡറായ ആംസ്ട്രോങ്ങാണ് ആദ്യം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. തുടര്‍ന്ന് അദ്ദേഹം ഉച്ചരിച്ച ആദ്യവാചകം പിന്നീട് ചരിത്രത്തിലിടം നേടി: 'മനുഷ്യന് ഇതൊരു ചെറു കാല്‍വെപ്പ്; മാനവകുലത്തിനാവട്ടെ വലിയൊരു കുതിച്ചുചാട്ടവും.' മൂന്നു മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ നടന്നശേഷമാണ് ആംസ്ട്രോങ്ങും ആല്‍ഡ്രിനും ഭൂമിയിലേക്കു മടങ്ങിയത്.
യു.എസ്സിലെ ഒഹായോയില്‍ 1930 ആഗസ്ത് അഞ്ചിനു ജനിച്ച ആംസ്ട്രോങ് 16-മത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. എയ്റോസ്പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം യു.എസ്. നാവികസേനയില്‍ വൈമാനികനായി. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തു. പിന്നീട് വ്യോമസേനയില്‍ ചേര്‍ന്നു. 1962ല്‍ യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ'യില്‍ പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ 'നാസ'യില്‍നിന്നു വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്റോസ്പേസ് എന്‍ജിനീയറിങ് അധ്യാപകനായി ഒരു ദശകത്തോളം പ്രവര്‍ത്തിച്ചു.