JNANDARSHAN NEWS -പദാര്‍ഥ കണത്തിന് പ്രകാശത്തേക്കാള്‍ വേഗം? ശാസ്ത്രലോകത്ത് ഞെട്ടല്‍

Sunday, August 18, 2013

കത്തുകള്‍

സ്റ്റാമ്പ് വരുന്നു...
കത്തെഴുതി അയയ്ക്കുമ്പോള്‍ സ്റ്റാമ്പ് ഒട്ടിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ പണ്ടുണ്ടോ സ്റ്റാമ്പുകള്‍. കത്ത് എഴുതുന്നയാള്‍ കത്ത് അയയ്ക്കുന്നതിനു കൂലി കൊടുക്കുന്ന ഏര്‍പ്പാടായിരുന്നു അന്ന്. കൂലിയടച്ച കത്തുകള്‍ക്ക് മുകളില്‍ പെയ്ഡ് എന്ന് മുദ്രകുത്തിയിട്ടുണ്ടാകും. അല്ലാത്തവ ആരുടെ പേരിലാണോ ആ കത്ത് അയയ്ക്കുന്നത് അത് സ്വീകരിക്കുന്നവരില്‍ നിന്ന് കൂലി വാങ്ങിക്കും.

ഇടയ്ക്കു ചിലയാളുകള്‍ സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് ചില പ്രത്യേക കോഡുകള്‍ കത്തിനു പുറത്ത് എഴുതി കൂലി കൊടുക്കലില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവ മനസ്സിലാക്കാനിടയായ സര്‍ റോളണ്ട് ഹില്‍ എന്ന അധ്യാപകനാണ് സ്റ്റാമ്പിന്റെ ഉപജ്ഞാതാവ്. 1840 മെയ് ആറിനു പുറത്തിറങ്ങിയ പെനിബ്ലാക്ക് ആണ് സ്റ്റാമ്പുകളുടെ മുതുമുത്തച്ഛന്‍. ഇംഗ്ലണ്ടിലാണ് ഇവന്റെ പിറവി. വിക്‌ടോറിയ രാജ്ഞിയുടെ തലയുടെ ചിത്രമാണ് സ്റ്റാമ്പില്‍ ആലേഖനം ചെയ്തത്. പക്ഷേ, സ്റ്റാമ്പില്‍ ഇംഗ്ലണ്ട് എന്ന് അടിച്ചു ചേര്‍ക്കാന്‍ വിട്ടുപോയി.

ഇംഗ്ലണ്ടിനെത്തുടര്‍ന്ന് സ്റ്റാമ്പ് ഇറങ്ങിയത് ബ്രസീലിലായിരുന്നു- 1843-ല്‍. അമേരിക്ക (1847), ഫ്രാന്‍സ്, ബെല്‍ജിയം (1849), ഓസ്ട്രിയ (1850), കാനഡ (1851) എന്നിവിടങ്ങളിലും സ്റ്റാമ്പുകള്‍ പ്രചാരത്തില്‍ വന്നു. 1947 നവംബര്‍ 17നാണ് ഇന്ത്യയില്‍ ആദ്യത്തെ സ്റ്റാമ്പ് പ്രചാരത്തില്‍ വന്നത്. ത്രിവര്‍ണ പതാകയാണ് ഇതില്‍ ആലേഖനം ചെയ്യപ്പെട്ടത്.

1852 ജൂലായില്‍ സിന്ധ് പ്രവിശ്യയിലാണ് ഏഷ്യയില്‍ ആദ്യത്തെ സ്റ്റാമ്പ് പിറവി കൊണ്ടത്. സിന്ധ് ഡാക്കായിരുന്നു തപാല്‍ മുദ്ര.
സിന്ധ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സര്‍ ഹെന്‍റി ബാര്‍ട്ടില്‍ എഡ്‌വാര്‍ഡ് ഫ്രെറിയാണ് വട്ടത്തിലുള്ള ആ സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.


പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍
രാജ്യത്തെ ഓരോ പോസ്റ്റ് ഓഫീസിനെയും തിരിച്ചറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കത്തുകളുടെ അഡ്രസില്‍ അവസാനം ആറ് അക്കമുള്ള ഒരു നമ്പര്‍ കണ്ടിട്ടില്ലേ അതാണ് പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ അഥവാ പിന്‍.എട്ട് പോസ്റ്റല്‍ സോണുകളാണ് ഇന്ത്യയിലുള്ളത്. പിന്‍കോഡിലെ ഒന്നാമത്തെ അക്കം ഇത് ഏത് സോണിലാണെന്ന് സൂചിപ്പിക്കുന്നു. രണ്ടാമത്തെ അക്കം ഉപമേഖലയെയും മൂന്നാമത്തെ അക്കം സോര്‍ട്ടിങ് ജില്ലയെയും നാലാമത്തേത് തപാല്‍ റൂട്ടിനെയും അഞ്ച്, ആറ് അക്കങ്ങള്‍ അതത് റൂട്ടിലെ തപാല്‍ ആപ്പീസിനെയും കാണിക്കുന്നു.

പോസ്റ്റ് കോഡ് സമ്പ്രദായം നടപ്പിലാക്കിയ ആദ്യത്തെ രാജ്യം ജര്‍മനിയാണ്, കൊല്ലം 1941. ഇന്ത്യയില്‍ പോസ്റ്റ്‌കോഡ് സമ്പ്രദായം നിലവില്‍ വരുന്നത് 1972 ആഗസ്ത് 15നാണ്.


അച്ചടി വിദേശത്ത്‌
ലണ്ടനിലെ ഡിറേറ്റ ആന്‍ഡ് കമ്പനിയാണ് ഇന്ത്യന്‍ തപാല്‍വകുപ്പിനു വേണ്ട കവറും സ്റ്റാമ്പുകളുമെല്ലാം മുന്‍പ് അച്ചടിച്ചിരുന്നത്. പിന്നീടത് 1926-ല്‍ ആരംഭിച്ച ഇന്ത്യാ സെക്യൂരിറ്റി പ്രസിലേക്ക് മാറ്റി.

മണിയോര്‍ഡര്‍ വേഗത്തില്‍


ആവശ്യക്കാര്‍ക്ക് പണം എത്രയും പെട്ടെന്ന് എത്തിക്കാന്‍ തപാല്‍വകുപ്പ് ആരംഭിച്ച പുതിയ സംവിധാനമാണ്. ഐ.എം.ഒ. (ഇന്‍സ്റ്റന്റ് മണി ഓര്‍ഡര്‍) ഇനി ഇന്ത്യയിലെ ഏതുഭാഗത്തുനിന്നും തപാല്‍ ഓഫീസ് വഴി കമ്പ്യൂട്ടറിന്റെ സഹായത്തോടെ 1000 മുതല്‍ 50,000 രൂപ വരെ ആര്‍ക്കും കൈമാറാം.

അടച്ചുപൂട്ടല്‍ കാത്ത്


ലോകം വളരുന്നു. ആധുനിക സൗകര്യങ്ങള്‍ കൂടുന്നു. ഒപ്പം പഴയ സമ്പ്രദായങ്ങള്‍ പലതും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. പോസ്റ്റോഫീസുകള്‍ ഇതിനൊരു ഉദാഹരണമാണ്. ഗ്രാമങ്ങളിലെ പല പോസ്റ്റോഫീസുകളും അടച്ചുപൂട്ടുകയാണ്. എന്തായാലും ഒരു നല്ല മാറ്റമാണ് ഈ അടച്ചുപൂട്ടല്‍കൊണ്ട് സംഭവിക്കുക. പൂട്ടിപ്പോകുന്ന ഗ്രാമീണ തപാലാപ്പീസുകള്‍ക്ക് പകരം ബാങ്കുകളാണ് നിര്‍മിക്കുന്നത്. എ.ടി.എം. കൗണ്ടര്‍, ഇ-ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.ഭാവിയില്‍ സംഭവിക്കുന്ന മറ്റൊരു മാറ്റം ഇന്ത്യയിലും ഇനി ഒരാള്‍ക്ക് സ്വന്തം ഫോട്ടോ പതിച്ച സ്റ്റാമ്പ് ഒട്ടിച്ച് കത്തുകളയയ്ക്കാം എന്നതാണ്. ഇതുവഴി ജനങ്ങളും തപാലും തമ്മിലുള്ള ബന്ധം ദൃഢമാക്കാനാകും എന്ന പ്രതീക്ഷയും തപാല്‍ വകുപ്പിനുണ്ട്.
 
 
കത്തുകള്‍ പുസ്തകങ്ങളാകുമ്പോള്‍
ഇന്നത്തെ തലമുറയ്ക്ക് വായിക്കാന്‍ ഒരുപാടു കത്തുകള്‍, വിവര്‍ത്തനങ്ങളായും അല്ലാതെയും പുസ്തകരൂപത്തില്‍ ഇറങ്ങിയിട്ടുണ്ട്. അത്തരം ഏതാനും പുസ്തകങ്ങളെപ്പറ്റി ചില വിവരങ്ങള്‍:

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍


1928-ലെ വേനല്‍ക്കാലത്ത് മുസ്സൂറിയിലായിരുന്ന പത്തുവയസ്സുകാരി മകള്‍ ഇന്ദിരയ്ക്ക് ജവാഹര്‍ലാല്‍ നെഹ്‌റു അയച്ച കത്തുകളാണ് ഈ പുസ്തകത്തിലുള്ളത്. കത്തിന്റെ ഭാഷ ഇംഗ്ലീഷായിരുന്നു. പുസ്തകത്തിന്റെ അവതാരികയില്‍ നെഹ്‌റു ഇങ്ങനെ എഴുതി: 'ഇവ പത്തുവയസ്സു പ്രായമുള്ള ഒരു കുട്ടിക്ക് ഞാന്‍ അച്ഛന്‍ എന്ന നിലയില്‍ എഴുതിയതാണ്. എന്നാല്‍ മാന്യന്മാരായ ചില സ്‌നേഹിതന്മാര്‍ ഇവയില്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് കുറേയധികം പേരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ നന്നെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു.'


പ്രിയപ്പെട്ട സഹോദരിക്ക്


ജവാഹര്‍ലാല്‍ നെഹ്‌റു സഹോദരി കൃഷ്ണയ്ക്ക് എഴുതിയ കത്തുകളുടെ സമാഹാരമാണ് 'Nhknp'o Lhddhno dv xlo olodhn'. ബെറ്റി ഡിയര്‍, ഡാര്‍ലിങ് ബെറ്റ്‌സ് എന്നുമൊക്കെ സഹോദരിയെ സംബോധന ചെയ്തുകൊണ്ടുള്ള 93 കത്തുകളാണ് ഇതിലുള്ളത്.


ഗാന്ധി-ടോള്‍സ്റ്റോയ് കത്തുകള്‍


ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ 'ഹിന്ദുവിന് ഒരു കത്തി'ന്റെ പൂര്‍ണരൂപവും അതുമായി ബന്ധപ്പെട്ട് ഗാന്ധിജിയും ടോള്‍സ്റ്റോയും പരസ്പരം അയച്ച കത്തുകളുമടങ്ങിയതാണ് ഈ പുസ്തകം.


മഹാത്മാ...


രവീന്ദ്രനാഥ ടാഗോര്‍ ഗാന്ധിജിയെക്കുറിച്ചെഴുതിയ ലേഖനങ്ങളുടെ വിവര്‍ത്തനരൂപമായ 'മഹാത്മ'യില്‍ ഗാന്ധിജിയും ടാഗോറും പരസ്പരം യോജിച്ചും വിയോജിച്ചുമെഴുതിയ ഏതാനും കത്തുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഹയര്‍ ദാന്‍ ഹോപ്പ്


1976 ഒക്‌ടോബര്‍ 1ന് ജയിലില്‍ നിന്നും നെല്‍സണ്‍ മണ്ടേല പത്‌നി വിന്നി മണ്ടേലയ്ക്ക് എഴുതിയ കത്തില്‍ ഇങ്ങനെ കുറിക്കുകയുണ്ടായി.നിന്റെയും വീട്ടുകാരുടെയും കത്തുകള്‍ എന്റെ ജീവിതത്തെ ജീവസ്സുറ്റതും ആഹ്ലാദകരമാക്കുകയും ചെയ്യുന്ന വസന്തം പോലെയും വേനല്‍മഴയുടെ വരവുപോലെയുമാണ്.മണ്ടേലയുടെ ഈ കത്തുകള്‍ ഫാത്തിമ മീര്‍ എഴുതിയ മണ്ടേലയുടെ ജീവചരിത്രഗ്രന്ഥമായ 'ഹയര്‍ ദെന്‍ ഹോപ്പി'ല്‍ നിന്നുള്ളതാണ്.


ചില പുസ്തകങ്ങള്‍ കൂടി


1. ബഷീറിന്റെ കത്തുകള്‍-വൈക്കം മുഹമ്മദ് ബഷീര്‍
2. വിജയന്റെ കത്തുകള്‍ - ഒ.വി.വിജയന്‍
3. ശ്രീമതി ലളിതാംബിക അന്തര്‍ജനം, രാമപുരം പി.ഒ.
4. അന്തര്‍ജനത്തിന് സ്‌നേഹപൂര്‍വം - വയലാര്‍
5. ഫേണ്‍ഹില്‍-നിത്യചൈതന്യയതി

പെട്ടി പെട്ടി തപാല്‍പ്പെട്ടി
ലോകത്തിലെ ആദ്യത്തെ തപാല്‍പെട്ടി സ്ഥാപിച്ചത് പാരീസിലാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഡീവിലേയര്‍ എന്ന ഫ്രഞ്ചുകാരനാണ് ഇതിനു പിന്നില്‍.

1653 ല്‍ പാരീസ് നഗരത്തില്‍ ആദ്യ തപാല്‍പെട്ടി സ്ഥാപിച്ചു. പിന്നീട് 1829 ലാണ് ഫ്രാന്‍സില്‍ എല്ലായിടത്തുംതപാല്‍പെട്ടിയെത്തുന്നത്.

1842 ല്‍ പോളണ്ടില്‍ പൊതുജനങ്ങള്‍ക്കായുള്ള ആദ്യ തപാല്‍പെട്ടി സ്ഥാപിച്ചു.

19ാം നൂറ്റാണ്ടിലാണ് ഏഷ്യയിലേക്ക് തപാല്‍പെട്ടി കടന്നുവരുന്നത്. ഹോങ് കോങ്ങിലാണ് ആദ്യമായി സ്ഥാപിച്ചത്. 1890 കളില്‍ സ്ഥാപിച്ച വിളക്കുകാലിനോട് കൂടി ഘടിപ്പിക്കപ്പെട്ട തപാല്‍പെട്ടികള്‍ 1990 കള്‍ വരെ ഉപയോഗിച്ചിരുന്നു.

1850 കളിലാണ് അമേരിക്കയില്‍ ആദ്യമായി തപാല്‍പെട്ടിയെത്തുന്നത്.

പല നിറങ്ങളില്‍ തപാല്‍പെട്ടി കാണപ്പെടുന്നു. ഇന്ത്യയില്‍ ഇവയുടെ നിറം ചുവപ്പാണെങ്കില്‍ അമേരിക്കയില്‍ നീലയും സൗദിയില്‍ മഞ്ഞയും നീലയും സിംഗപ്പൂരില്‍ വെള്ളയുമാണ്.

രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന തപാല്‍പെട്ടികളുടെ നിറങ്ങള്‍



വിളക്കുകാലുകളില്‍ ഘടിപ്പിച്ച ലാമ്പ് ബോക്‌സ്, പില്ലര്‍ ബോക്‌സ്, വാള്‍ ബോക്‌സ്, ലഡ്‌ലോ വാള്‍ ബോക്‌സ് എന്നിങ്ങനെ നാലുതരത്തിലാണ് തപാല്‍പെട്ടികള്‍ കണ്ടുവരുന്നത്. 

കല്ലിലും ഇലയിലും
പാപ്പിറസ് കൊണ്ടുണ്ടാക്കിയ കടലാസ്‌



കടലാസില്‍ കത്തെഴുതുന്ന പതിവ് ആരംഭിച്ചിട്ട് അധികകാലമായില്ല. അതിനുമുന്‍പ് സന്ദേശങ്ങള്‍ കുറിച്ചത് കല്ലിലും കളിമണ്ണിലും പാപ്പിറസ് ഇലകളിലുമൊക്കെയായിരുന്നു. പിന്നീട് പാപ്പിറസ് ഇലകൊണ്ട് കടലാസ് ഉണ്ടാക്കിത്തുടങ്ങിയപ്പോള്‍ കത്തെഴുത്ത് കടലാസിലായി. ഭാരതത്തില്‍ പണ്ടുകാലത്ത് ചെമ്പുതകിടിലും താളിയോലകളിലും ആയിരുന്നു കത്തെഴുതിയിരുന്നത്.

തയ്യാറാക്കിയത് ഡോ. അനിത എം.പി


Sunday, August 26, 2012

ലോകമാന്യ തിലകിന്റെ അപൂര്‍വ ശബ്ദരേഖ കണ്ടെത്തി


ലോകമാന്യ തിലകിന്റെ അപൂര്‍വ ശബ്ദരേഖ കണ്ടെത്തി

Published on  26 Aug 2012

പുണെ: സ്വാതന്ത്ര്യ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ ലോകമാന്യ ബാലഗംഗാധര തിലക് 97 വര്‍ഷം മുമ്പ് നടത്തിയ ഹ്രസ്വപ്രസംഗത്തിന്റെ അപൂര്‍വ ശബ്ദരേഖ കണ്ടെത്തി. ഇത്തരത്തിലൊരു ശബ്ദരേഖ ആദ്യമായാണ് ലഭിക്കുന്നതെന്ന് ചരിത്രഗവേഷകര്‍ പറയുന്നു. ''സ്വരാജ്യം എന്റെ ജന്മാവകാശ''മാണെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ തിലക് 1920 ലാണ് അന്തരിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളുമടങ്ങുന്ന ശേഖരം പുണെയിലെ കേസരി ട്രസ്റ്റ് ലൈബ്രറി ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ശബ്ദശേഖരം ലഭ്യമല്ല.

1915 സപ്തംബര്‍ 21 ന് പുണെയില്‍ നടന്ന ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന സംഗീതോത്സവത്തിനിടെ തിലക് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഈ സംഗീതോത്സവത്തില്‍ അന്നത്തെ പ്രമുഖ ഗായകരാണ് തിലകിന്റെ ക്ഷണപ്രകാരം പാടാനെത്തിയത്. കറാച്ചിയില്‍ നിന്ന് സംഗീതോത്സവത്തിനെത്തിയ നാരംഗ് എന്നയാളാണ് പാട്ടുകള്‍ റെക്കോഡ് ചെയ്തത്. ഇതിനായി അമേരിക്കയില്‍ നിര്‍മിച്ച റെക്കോഡിങ് മെഷീന്‍ അദ്ദേഹം ഒപ്പം കരുതിയിരുന്നു.

വമ്പന്‍ ജനക്കൂട്ടമാണ് സംഗീതോത്സവത്തിനെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ തിലക് തന്നെ വേദിയിലെത്തി. നിശ്ശബ്ദരായിരിക്കാനും പാട്ടുകള്‍ ആസ്വദിക്കാനും ശ്രോതാക്കളോട് അഭ്യര്‍ഥിക്കുന്ന തിലകിന്റെ ഹ്രസ്വപ്രസംഗമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
''സംഗീതോത്സവം കേള്‍ക്കാനെത്തിയവര്‍ പരിപൂര്‍ണ നിശ്ശബ്ദത പാലിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.

ഒച്ചയുണ്ടാക്കുന്നത് ഞാന്‍ സഹിക്കില്ല. ആവശ്യമുള്ളവര്‍ക്ക് വേണമെങ്കില്‍ പുറത്തുപോകാം, എന്നാല്‍ പാട്ടു തുടരും''-മറാഠിയില്‍ തിലക് ജനങ്ങളോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. തിലകിന്റെ ശബ്ദം കേള്‍ക്കാന്‍ ഇപ്പോള്‍ ഇതു മാത്രമേ ആശ്രയമായിട്ടുള്ളൂവെന്ന് തിലക് ട്രസ്റ്റിന്റെ ചെയര്‍മാനും അദ്ദേഹത്തിന്റെ പ്രപൗത്രനുമായ ദീപക് തിലക് പറഞ്ഞു. ശബ്ദത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ കഴിയുന്ന രേഖകളും മറ്റും ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു

Published on  26 Aug 2012


വാഷിങ്ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഈ മാസാദ്യം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണു മരണകാരണമെന്നു കുടുംബവൃത്തങ്ങള്‍ പറഞ്ഞു.

അമേരിക്കന്‍ ബഹിയാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ടുള്ള 'അപ്പോളോ 11' പേടകം 1969 ജൂലായ് 20നാണു ചന്ദ്രനിലിറങ്ങിയത്. മിഷന്‍ കമാന്‍ഡറായ ആംസ്‌ട്രോങ്ങാണ് ആദ്യം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. തുടര്‍ന്ന് അദ്ദേഹം ഉച്ചരിച്ച ആദ്യവാചകം പിന്നീട് ചരിത്രത്തിലിടം നേടി: 'മനുഷ്യന് ഇതൊരു ചെറു കാല്‍വെപ്പ്; മാനവകുലത്തിനാവട്ടെ വലിയൊരു കുതിച്ചുചാട്ടവും.' മൂന്നു മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ നടന്നശേഷമാണ് ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഭൂമിയിലേക്കു മടങ്ങിയത്.

യു.എസ്സിലെ ഒഹായോയില്‍ 1930 ആഗസ്ത് അഞ്ചിനു ജനിച്ച ആംസ്‌ട്രോങ് 16-മത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം യു.എസ്. നാവികസേനയില്‍ വൈമാനികനായി. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തു. പിന്നീട് വ്യോമസേനയില്‍ ചേര്‍ന്നു. 1962ല്‍ യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ'യില്‍ പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ 'നാസ'യില്‍നിന്നു വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് അധ്യാപകനായി ഒരു ദശകത്തോളം പ്രവര്‍ത്തിച്ചു.

Thursday, October 6, 2011

തോമസ് ട്രാന്‍സ്‌ട്രോമറിന് സാഹിത്യ നൊബേല്‍





സ്റ്റോക്ക്‌ഹോം: സാഹിത്യ നൊബേല്‍ ഇത്തവണ നൊബേലിന്റെ നാടിന് സ്വന്തം. സ്വീഡിഷ് കവിയും എഴുത്തുകാരനും വിവര്‍ത്തകനുമായ തോമസ് ട്രാന്‍സ്‌ട്രോമറാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കവിയെ തേടി നൊബേല്‍ പുരസ്‌കാരം എത്തുന്നു എന്നതും നൊബേല്‍ പ്രഖ്യാപിക്കുന്ന സ്റ്റോക്ക്‌ഹോമിലാണ് ട്രാന്‍സ്‌ട്രോമര്‍ ജനിച്ചത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

പുരസ്‌കാര പട്ടികയില്‍ സിറിയന്‍ കവി അഡോണിസിനെയും പോളിഷ് കവി അദം സജാവെസ്‌കിയെയും, കോറിയന്‍ കവി കൊ യുന്നിനെയും പിന്തള്ളിയാണ് 80-കാരനായ ട്രാന്‍സ്‌ട്രോമര്‍ പുരസ്‌കാരം നേടിയത്. 1931-ല്‍ ജനിച്ച ട്രോമര്‍ പതിമൂന്നാമത്തെ വയസ്സില്‍ കവിത എഴുതി തുടങ്ങി. 1954-ല്‍ ആദ്യത്തെ കവിതാസമാഹാരമായ പതിനേഴ് കവിതകള്‍ (17 ഡിക്ടര്‍) പുറത്തുവന്നു.

മോഡേണിസവും സര്‍റിയലിസവും കൂടിക്കലര്‍ന്ന അദ്ദേഹത്തിന്റെ നവീനമായ ശൈലി പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. ഹാഫ് ഫിനിഷ്ഡ് ഹെവന്‍, വിന്‍ഡോസ് ആന്‍ഡ് സ്‌റ്റോണ്‍സ്, നൈറ്റ് വിഷന്‍, പാത്ത്‌സ്, ബാല്‍ട്ടിക്‌സ്, ഫോര്‍ ദി ലിവിങ്ങ് ആന്‍ഡ് ദി ഡെഡ് തുടങ്ങി നിരവധി സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം സ്വീഡിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

1990-ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടു. എന്നാലും കവിത എഴുത്ത് തുടര്‍ന്നു. സ്റ്റോക്ക്‌ഹോം സര്‍വകലാശാലയില്‍ മനശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസറായിരുന്നു. മലയാളത്തിന്റെ പ്രിയ കവി കെ. സച്ചിദാനന്ദന്‍, പ്രമുഖ ബംഗാളി സാഹിത്യകാരി മഹാശ്വേത ദേവി, രാജസ്ഥാനി കഥാകൃത്ത് വിജയ്ദാന്‍ ദേത്ത എന്നിവരും ഇന്ത്യയില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുള്‍പ്പെട്ടിരുന്നു.

Friday, September 23, 2011

പദാര്‍ഥ കണത്തിന് പ്രകാശത്തേക്കാള്‍ വേഗം? ശാസ്ത്രലോകത്ത് ഞെട്ടല്‍



ജനീവ: ശാസ്ത്രലോകത്തിന് ഞെട്ടല്‍ മാറിയിട്ടില്ല, പരമാണുകണത്തിന് പ്രകാശത്തേക്കാള്‍ വേഗമോ? എവിടെയെങ്കിലും എന്തെങ്കിലും അബദ്ധം സംഭവിച്ചിട്ടുണ്ടാകുമെന്ന ആശങ്കയില്‍ വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും നോക്കുകയാണവര്‍. തെറ്റൊന്നുമില്ലെന്നുറപ്പായാല്‍, യൂറോപ്യന്‍ ഗവേഷകരുടെ കണ്ടെത്തല്‍ ശരിയെന്നു സ്ഥിരീകരിച്ചാല്‍, ഭൗതികശാസ്ത്രത്തില്‍ പുതിയൊരു വിപ്ലവമാകുമത്. പിന്നെ, സമവാക്യങ്ങള്‍ തിരുത്തേണ്ടിവരും, പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതേണ്ടിവരും.

Thursday, December 9, 2010

STUDENTS NEWS

നോര്‍ത്ത് പറവൂരിലെ പുല്ലംകുളം എസ്എന്‍എച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചിത്രമാണ് ഏട്ടന്‍...

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ സാജന്‍ അന്‍വര്‍ എന്നിവരാണ് തിരക്കഥ രചിച്ചത്. അധ്യാപകനായ ശ്യാം ആണ് സംവിധാനം നിര്‍വഹിച്ചത്.

വിജയലക്ഷ്മി ടീച്ചര്‍, സനല്‍മാഷ്, ശരവണന്‍, ദേവിക, വിഷ്ണുപ്രിയ, അജ്മല്‍, ശരത്ത്, അമല്‍, ഗോപിനാഥ്, അനഘ ഗോപിനാഥ്, എ. ഗോപി എന്നവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. 



തൃക്കാക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തയ്യാറാക്കിയ റിങ് ടോണ്‍ എന്ന ചിത്രം. സ്‌കൂളിലെ അധ്യാപക-വിദ്യാര്‍ത്ഥി കൂട്ടായ്മയായ കളിമുറ്റമാണ് ഹൃസ്വചിത്രത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്.

കുടുംബബന്ധങ്ങള്‍ പോലും മൊബൈല്‍ ഫോണിലൂടെ മാത്രമാകുന്ന അസുഖകരമായ ഒരു സത്യത്തെയാണ് റിങ്‌ടോണിലൂടെ ഇവര്‍ പറയുന്നത്. കുടുംബത്തെ തകര്‍ക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണും സാങ്കേതിക വിദ്യയും ചെലുത്തുന്ന സ്വാധീനമാണ് കഥ.

അഖില്‍ എം.ജി, നീതു ബെന്നി, അര്‍ജുന്‍ വി.ആര്‍, വാണി പി.എ, ഹരിത പി.എ, നെഹ്‌റ, അജിത് എം.സി, അബ്ദുല്‍ സലാം, മഹേഷ് പി.എസ്, തുടങ്ങിയ കുട്ടികലാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വിപിന്‍ ആന്റണിയാണ് ക്യാമറ ചലിപ്പിച്ചത്.




ഇളന്തിക്കര ഹൈസ്‌കൂള്‍ തയ്യാറാക്കിയ ഇത്തിരികൊന്നപ്പൂവ് ഇന്നത്തെ അണുകുടുംബത്തിലെ കുട്ടികള്‍ അനുഭവിക്കുന്ന വിഷമതകളുടെ നേര്‍കാഴ്ചയാണ്. ജോസ് ഫിലിപ്പും സംഘവും തയ്യാറാക്കിയ തിരക്കഥ ശ്രീകുമാറും സംഘവുമാണ് സംവിധാനം ചെയ്തത്.

അണിയറയില്‍ -

അഭിനയിച്ചവര്‍ : റോഷ്‌ന, ഉഷാധരന്‍, സൂസന്‍, മുകുന്ദന്‍ മേനോന്‍, ബിന്ദു സുരേഷ്, അശ്വതി, അഞ്ജലി, നിമ്മി, ആര്യ, മരിയ, ആഷ്‌ന, നിഖില, അഞ്ജന, അഞ്ജു, അഞ്ജലി, അങ്കുല്‍. എഡിറ്റിങ് : വിവേക്, വിജീഷ് പശ്ചാത്തലസംഗീതം: രാജന്‍ ആന്റണി

സാങ്കേതിക സഹായികള്‍: ഡേവിസ്, കൃഷ്ണദാസ്, ടോജോ, സന്തോഷ്, രഞ്ജിത്ത് മാത്യു, ബൈജു.സഹായികള്‍: ഗോപിക, ഐശ്വര്യ, വൈശാഖ്, ബിബിന്‍ ബാബു, ആനന്തകൃഷ്ണ, അഭയ് അശോകന്‍. ചമയം : ജിജി ബാബു, ഷീന, ഡബ്ബിങ്: വത്സമ്മ





ഇളന്തിക്കര ഹൈസ്‌കൂള്‍ അവതരിപ്പിക്കുന്ന 'ഊഞ്ഞാല്‍', പരിസ്ഥിതിയെ നശിപ്പിക്കുന്നത് കണ്ട് കണ്ണുനിറയുന്ന പുതുതലമുറയുടെ നിസ്സഹായാവസ്ഥയെയാണ് വരച്ചുകാട്ടുന്നത്. പി.ജി. ഗോപികയുടെ തിരക്കഥയില്‍ എന്‍.കെ ശ്രീകുമാറാണ് ഊഞ്ഞാല്‍ സംവിധാനം ചെയ്തത്.

അണിയറയില്‍ -

സംഗീതം ഋതുരാജന്‍, കലാസംവിധാനം ബിബിന്‍ ബാബു ചിത്രസംയോജനം - സ്ഥപതി വൈക്കം ക്രിയേറ്റീവ് ഹെഡ് - രാജന്‍ ആന്റണി, ജോസ് ഫിലിപ്പ്





കൈതാരം ജി.വി.എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന ഹൃസ്വചിത്രത്തിലൂടെ സര്‍ക്കാര്‍സ്‌കൂളില്‍ പഠിക്കുന്ന കൊച്ചുമിടുക്കിയുടെ സ്വപ്‌നങ്ങളും വിഹ്വലതകളും ഒടുവില്‍ യാഥാര്‍ത്ഥ്യവുമായി അവള്‍ സമരസപ്പെടുന്നതും നന്നായി അവതരിപ്പിച്ചിരിക്കുന്നു. സംവിധാനം ചെയ്തത് പ്രദീപ് റോയ് ആണ്. 


നോര്‍ത്ത് പറവൂരിലെ സമൂഹം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഹൃസ്വചിത്രമാണ് തണല്‍ (Thanal) . സ്‌കൂള്‍ അങ്കണത്തിലെ തണല്‍മരം വെട്ടിമുറിക്കുന്നതിനെതിരെ കുട്ടികള്‍ നടത്തുന്ന പ്രതിഷേധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എസ്. വിവേകാണ് സംവിധായകന്‍.



വംശനാശം നേരിടുന്ന കഴുകന്മാരെ കണ്ടെത്തി
Posted on: 05 Dec 2010
-എ.ജെ. ലെന്‍സി




കോഴിക്കോട്: വംശനാശം നേരിടുന്ന രണ്ട് അപൂര്‍വയിനം കഴുകന്മാരെ വയനാടന്‍ വനങ്ങളില്‍ കണ്ടെത്തി. ചുട്ടിക്കഴുകന്‍ (വൈറ്റ് ബാക്ഡ് വള്‍ച്ചര്‍), ചെന്തലയന്‍ (റെഡ് ഹെഡഡ് വള്‍ച്ചര്‍) എന്നീ ഇനം കഴുകന്മാരെയാണ് വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പക്ഷിനിരീക്ഷണത്തില്‍ കാണാനായത്.

പശ്ചിമഘട്ട മലനിരകളടക്കമുള്ള വനനിരകള്‍ കേന്ദ്രീകരിച്ച് 2009 ജനവരിയിലാണ് സൂക്ഷ്മമായ പക്ഷിനിരീക്ഷണം തുടങ്ങിയത്.
കൊച്ചി-തിരുവിതാംകൂര്‍ രാജഭരണകാലത്ത് ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നടത്തിയ നിരീക്ഷണത്തിന്റെ അതേ പ്രദേശങ്ങളിലൂടെത്തന്നെയാണ് നിരീക്ഷണം നടത്തുന്നത്. സാലിം അലിക്ക് ശേഷം ആദ്യമായാണ് ഇത്ര ആധികാരികമായി പഠനം നടക്കുന്നത്.

സാലിം അലിയുടെ പഠനത്തില്‍പ്പോലും കേരളത്തിന്റെ വനമേഖലകളില്‍ ഈ അപൂര്‍വയിനം പക്ഷികളെ കണ്ടെത്തിയിരുന്നില്ല. അതിനും 30 വര്‍ഷം മുമ്പ് ഇവയുടെ വംശനാശം സംഭവിച്ചതായി ഡോ. സാലിം അലി രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തേ ഉത്തരേന്ത്യയില്‍ ഇവയുടെ വംശം നിലനിന്നിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധിയിലൂടെ ചത്ത നാല്‍ക്കാലികളുടെ മാംസം ഭക്ഷിച്ച് ഈ രണ്ടിനം കഴുകന്‍മാരും കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു. കന്നുകാലികള്‍ക്ക് നല്‍കിയ കുത്തിവെപ്പ് മരുന്നാണ് ഇവയുടെ വംശനാശത്തിന് കാരണമായത്. തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഇവയുടെ സംരക്ഷണത്തിനായി പല നടപടികളും എടുത്തെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഡൈക്‌ളോഫെനക്ക് എന്ന കുത്തിവെപ്പുമരുന്ന് നിരോധിച്ചു.

ഇന്ത്യയില്‍ത്തന്നെ അപൂര്‍വമായി കണ്ടുവരുന്ന സ്‌പെക്കുള്‍ഡ് പിക്കുലെറ്റ് (മരംകൊത്തി ചിന്നന്‍), വംശനാശം നേരിടുന്ന പരുന്ത് (ജെര്‍ഡന്‍സ്ബാസ്), വരമ്പന്‍ (ഒലിവ് ബാക്ഡ് പിപ്പറ്റ്) എന്നിവയും നിരീക്ഷണസംഘത്തിന്റെ ക്യാമറയില്‍ കുടുങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് വരമ്പന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

കണ്ടെത്തിയത് 125 അപൂര്‍വയിനം പക്ഷികളെ


കഴിഞ്ഞ രണ്ടുവര്‍ഷമായി നിരീക്ഷണത്തില്‍ 125-ഓളം അത്യപൂര്‍വ പക്ഷികളെയാണ് കണ്ടെത്തിയത്. ദേശാടനപ്പക്ഷികളില്‍ നല്ലൊരുവിഭാഗം സംസ്ഥാനത്തെ വനാന്തരങ്ങളിലും കായല്‍-തീരദേശമേഖലകളിലും തങ്ങുന്നതായും കണ്ടെത്തി. യൂറോപ്പ്, ചൈന, സൈബീരിയ, റഷ്യ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഗ്രീനിഷ് ലീഫ് വര്‍ബ്ലര്‍ എന്ന പച്ചപ്പൊടി കുരുവിക്കൂട്ടത്തെയും ഇവിടെനിന്നും കണ്ടെത്തി.


ഇടുക്കിജില്ലയിലെ തേയില-ഏലത്തോട്ടങ്ങളോട് ചേര്‍ന്നുള്ള വനമേഖലകളില്‍ കീടനാശിനിപ്രയോഗംമൂലം സാധാരണ കണ്ടുവരുന്ന പക്ഷികളായ പിപ്പറ്റുകള്‍, തൂക്കണാം കുരുവികള്‍, വേലിത്തത്ത, പാറ്റപിടിയന്‍ പക്ഷികള്‍ എന്നിവയെയൊന്നും സംഘത്തിന് കണ്ടെത്താനായില്ല. അലഞ്ഞുതിരിഞ്ഞിട്ടും ഒരു കൂടുപോലും സംഘത്തിന് കണ്ടെത്താനായില്ല.

ഹൈറേഞ്ച് മേഖലകളില്‍ നടത്തിയ പഠനത്തില്‍ ചോലക്കാടുകളില്‍മാത്രം കണ്ടുവരുന്ന കരിചെമ്പന്‍ പാറ്റപിടിയന്‍ (ആഷിറണ്‍ വാബ്‌ളര്‍), ബ്ലാക്കെന്‍ ഓറഞ്ച്‌ഫൈ്‌ളകാച്ചര്‍, ബ്ലൂടെയ്ല്‍സ് എന്നീ പക്ഷികളുടെ അനേകം കൂടുകളും പക്ഷികളുടെ വര്‍ധനയും കണ്ടെത്താന്‍ കഴിഞ്ഞു.
ഹൗസ് ബോട്ട് ടൂറിസം വര്‍ധിച്ചത് കായല്‍പ്രദേശത്തെ പക്ഷികളുടെ ആവാസവ്യവസ്ഥക്ക് തിരിച്ചടിയായി.

നേരത്തെ കണ്ടിരുന്ന പിള്‍സൈല്‍ഡെക്ക, ഗാഗനി എന്നീ ഇനം ദേശാടനക്കിളികള്‍ കായല്‍പ്രദേശത്തുനിന്നും പൂര്‍ണമായി അപ്രത്യക്ഷമായി.

കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് സംസ്ഥാന വനംവകുപ്പ് മുന്‍കൈയെടുത്ത് നിരീക്ഷണം നടത്തുന്നത്. ഡിസംബര്‍ 31ഓടെ നിരീക്ഷണം പൂര്‍ത്തിയാക്കും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍ താത്പര്യമെടുത്താണ് സര്‍ക്കാറിന്റെ ആധികാരിക പക്ഷിനിരീക്ഷണത്തിന് തുടക്കംകുറിച്ചത്.

പക്ഷിനിരീക്ഷകനായ സി. ശശികുമാര്‍ നേതൃത്വംനല്‍കുന്ന സംഘത്തില്‍ എസ്.രാജ, പി.എ. ഷിബിന്‍, വിഷ്ണുപ്രസാദ് എന്നിവരാണുള്ളത്. 1200 കിലോമീറ്റര്‍ കാല്‍നടയായാണ് രണ്ടുവര്‍ഷത്തെ നിരീക്ഷണം പൂര്‍ത്തിയാക്കുന്നത്.

മായുന്ന മാമ്പഴക്കാലം -1
Posted on: 22 Nov 2010
-എം.കെ.കൃഷ്ണകുമാര്‍


കണക്കും കാലവും തെറ്റി തുലാമഴ

താളംമാറിവന്ന തുലാമഴ ഇക്കൊല്ലം കേരളത്തിന്റെ കണക്കുതെറ്റിക്കുന്നു. പകല്‍ മുഴുവന്‍ തെളിഞ്ഞ വെയിലിനു ശേഷം ഉച്ചതിരിയുമ്പോള്‍ ഇടിയും മിന്നലുമായാണ് വടക്കുകിഴക്കന്‍ കാലവര്‍ഷം എത്താറ്. ഇത്തവണ കഥ മാറി. നവംബര്‍ ആദ്യവാരം വരെ പകല്‍മൂടിക്കെട്ടി നിന്നു. വൈകുന്നേരം ശരാശരി മഴയും. തമിഴ്‌നാടിന്റെ തീരത്തുണ്ടായ ന്യൂനമര്‍ദം പടിഞ്ഞാറോട്ട് നീങ്ങി കേരളത്തില്‍ എത്തിയതുകാരണമാണ് ഇത് സംഭവിച്ചത്. പിന്നീട് രാത്രിയും പകലും തുടര്‍ന്ന കനത്ത മഴ കേരളത്തില്‍ കൃഷിയെ മുക്കിക്കളഞ്ഞു. തൃശ്ശൂര്‍ ജില്ലയാണ് ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിച്ചത്. ഇവിടെ അയ്യായിരം ഏക്കര്‍ കോള്‍പാടം വെള്ളത്തിലായി. ഞാറുകള്‍ നശിച്ചു. വീണ്ടും വിതയ്ക്കാന്‍ വിത്തുതേടി കര്‍ഷകര്‍ നെട്ടോട്ടമോടി. ശരാശരി മഴയുടെ ഇരട്ടിയാണ് തൃശ്ശൂരില്‍ ലഭിച്ചതെന്ന് കണക്കുകള്‍ പറയുന്നു.

അന്തമാന്‍ തീരത്തിന്റെ വടക്കുകിഴക്കായി ഉണ്ടായ ശക്തമായ ന്യൂനമര്‍ദം കാരണം ഇത്തവണ ഡിസംബര്‍ മുഴുവന്‍ മഴ കിട്ടാനും ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ആകാശം മൂടിക്കെട്ടി നിന്നപ്പോള്‍ തുലാവര്‍ഷത്തില്‍ രാത്രി ഉണ്ടാകാറുള്ള ഇടിമിന്നലും നന്നേ കുറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ചുഴലിക്കാറ്റ് മ്യാന്‍മറിലേക്ക് കടന്നതുകൊണ്ട് തുലാവര്‍ഷം ഇത്തവണ അല്പം വൈകിയാണ് എത്തിയത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങിയതാകട്ടെ 27 ദിവസം വൈകിയും.

ലാനിന എന്ന പ്രതിഭാസമാണ് ഇത്തവണ ഇന്ത്യ മുഴുവന്‍ ശക്തമായ മഴയുണ്ടാക്കിയതെന്ന് കരുതുന്നു. പസഫിക്ക് സമുദ്ര തീരത്ത് അസാധാരണമായ വിധം ഉണ്ടാകുന്ന തണുത്ത വായുവിന്റെ പ്രവാഹമാണ് ലാനിന. വ്യാപകമായ പേമാരിയുണ്ടാക്കാന്‍ കഴിവുള്ളതാണിത്. എന്നാല്‍ ഇതിന്റെ വിപരീത സ്വഭാവമുള്ള എല്‍നിനൊ കടുത്ത വരള്‍ച്ചയാണുണ്ടാക്കുക. ശാന്ത സമുദ്രത്തിന്റെ ഉപരിതലത്തിലുണ്ടാവുന്ന ചൂട് കൂടിയ പ്രവാഹമാണ് എല്‍-നിനൊ. ഇതിന് കാലവര്‍ഷത്തിന്റെ താളം തെറ്റിക്കാന്‍ ശക്തിയുണ്ട്.

എല്‍നിനോയും ലാലിനയും എന്തുകൊണ്ട് ഉണ്ടാവുന്നു എന്നതിന് ഇപ്പോഴും ശരിയായ ഉത്തരമില്ല. എന്നാല്‍, ആഗോള താപനം വഴി ചൂടുപിടിക്കുന്ന, ഭൂമി സ്വയം പുനഃക്രമീകരിക്കുന്നതാണ് ഈ പ്രതിഭാസങ്ങളെന്ന് ചില ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

അനുഗ്രഹിക്കപ്പെട്ട കാലാവസ്ഥയുടെ സൗഭാഗ്യങ്ങള്‍ വേണ്ടുവോളമുള്ള കേരളത്തില്‍ കാലാവസ്ഥയിലെ മാറ്റം എങ്ങനെ, എവിടെ പ്രതിഫലിക്കുന്നു?
ഒരന്വേഷണം-


എന്നും കണിക്കൊന്ന; മണമില്ലാതെ മുല്ലയും ജമന്തിയും

മഞ്ഞപ്പൂങ്കുലകളോടെ മേടത്തില്‍ വിരിയുന്ന കണിക്കൊന്ന വിഷുവിന്റെ അടയാളം കൂടിയായിരുന്നു. ചൂട് കനക്കുമ്പോള്‍ ഇലകള്‍ പൊഴിക്കുന്ന കൊന്നമരങ്ങള്‍ പൂമൂടി നില്‍ക്കും. എന്നാലിപ്പോള്‍ ഏതുകാലത്തും കണിക്കൊന്ന പൂക്കുന്നു. ചിലപ്പോള്‍ വിഷുക്കാലത്ത് പൂക്കുകയുമില്ല. താന്നി, വേങ്ങ, കുറുമാവ് തുടങ്ങിയവയും ഇങ്ങനെ കാലംതെറ്റി പൂക്കുന്നതുകാണാം.

ചൂടിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണം. ചൂട് കൂടുമ്പോള്‍ വെള്ളം നഷ്ടമാവാതിരിക്കാന്‍ മരങ്ങള്‍ ഇലപൊഴിക്കുന്നു. ചില മരങ്ങളില്‍ അപ്പോള്‍ ഇലകളുടെ സ്ഥാനത്ത് പൂക്കള്‍ വിടരുന്നു. പ്രത്യേക ജീനുകളാണ് ഇലയെ മാറ്റി പൂക്കള്‍ വരുത്തുന്നത്. ചൂടിന്റെയും ഈര്‍പ്പത്തിന്റെയും മാറ്റം ഈ ജീനുകളെ ഉദ്ദീപിപ്പിക്കുന്നു. ഒരു ഡിഗ്രി ചൂട് കൂടിയാല്‍ ചെടികള്‍ ആറുദിവസം മുമ്പ് പുഷ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കാലാവസ്ഥാമാറ്റം കാരണം ചില മരങ്ങള്‍ തുടര്‍ച്ചയായി പൂക്കുന്നുണ്ട്. ഇടവേളകളില്ലാത്ത ഈ പൂവിടല്‍ മരത്തെ ക്ഷീണിപ്പിക്കും. ആയുസ്സ് തീരുന്നതിനു വളരെ മുമ്പ് അവയുടെ പൂക്കാലം തീരുകയും ചെയ്യും.

ഇതിനേക്കാള്‍ പ്രകടമാണ് മാവുകള്‍ പൂക്കുന്നതില്‍ വരുന്ന മാറ്റങ്ങള്‍. സാധാരണ നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് മാവുകള്‍ പൂക്കാന്‍ തുടങ്ങുക. പൂങ്കുലയില്‍ ആണ്‍പൂവും ആണ്‍-പെണ്‍ പൂവും വെവ്വേറെയുണ്ടാവും. ആണ്‍-പെണ്‍ പൂക്കള്‍ (ദ്വിലിംഗ പൂവുകള്‍) ചൂട് കൂടുമ്പോള്‍ വളരെ കുറയും. അനുകൂലമായ ചൂടില്‍ മാവുകള്‍ പൂക്കുന്നത് ഇതുകൊണ്ടാണ്.

ഉയര്‍ന്ന ചൂടുമൂലം മാങ്ങയുടെ ഉത്പാദനം 60 ശതമാനം വരെ കുറയുന്നു. മലയോര മേഖലയില്‍ മാവുകള്‍ പൂക്കാതിരിക്കുന്നതും പൂവിട്ടതുതന്നെ കൊഴിയുന്നതും ഇപ്പോള്‍ പതിവാണ്.

അതിരപ്പിള്ളിക്കടുത്ത വെറ്റിലപ്പാറ എക്‌സ്.സര്‍വീസ്‌മെന്‍ കോളനിവളപ്പില്‍ കഴിഞ്ഞതവണ അപൂര്‍വ അനുഭവമാണുണ്ടായത്. ഇവിടെയുള്ള നൂറിലേറെ വ്യത്യസ്തയിനം മാവുകളില്‍ അഞ്ചെണ്ണമാണ് പൂത്തത്. ബാക്കിയുള്ളവ ഒന്നുമറിയാത്തപോലെ നിന്നു. ലോകത്ത് എല്ലായിടത്തും മരങ്ങള്‍ക്കും ചെടികള്‍ക്കും ഇതുപോലെ സംഭവിക്കുന്നുണ്ട്. ചിലതിന് മഞ്ഞുകാലം, ചിലതിന് ചൂടുകാലം എന്നിങ്ങനെ പൂക്കാന്‍ കാലമുള്ള സസ്യങ്ങള്‍ കാലാവസ്ഥാമാറ്റത്തില്‍ പകച്ചുനില്‍ക്കുന്നു.

ബ്രസീലിലെ പോര്‍ട്ടൊ എലെഗ്രെയിലുള്ള മെരിലിന്‍ ടൊമാസൊണി ഓര്‍ക്കൂട്ടില്‍ പോസ്റ്റുചെയ്ത ഒരു ഓര്‍ക്കിഡ് പൂവിന്റെ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ഇതായിരുന്നു: വെള്ള, മഞ്ഞ, ഇളംവയലറ്റ് പൂക്കളുണ്ടാകുന്ന ഓര്‍ക്കിഡുകള്‍ കൊടുംതണുപ്പ് വന്നപ്പോള്‍ പൂവിടാതെയായി. പലതരം വളങ്ങള്‍ പ്രയോഗിച്ചിട്ടും ഗുണമുണ്ടായില്ല. പിന്നീട് തണുപ്പ് അല്പം കുറഞ്ഞപ്പോഴാണ് ഒരു വെളുത്ത പൂവ് വിടര്‍ന്നത്. ചെടികളും ഓമനമൃഗങ്ങളും വളര്‍ത്തുന്നതില്‍ തത്പരയായ മെരിലിന്‍ വിശദീകരിച്ചു.

മാറുന്ന പൂക്കാലം ദേശാടനപ്പക്ഷികളെ വട്ടം കറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ജൂണില്‍ ദേശാടനം നടത്തുന്ന പക്ഷികള്‍ നവംബര്‍-ഡിസംബര്‍-ജനവരിയില്‍ തിരിച്ചെത്തും. പൂക്കളും ചെടികളും ധാരാളമുണ്ടാവുന്ന കാലമായിരിക്കും അത്. ഇവയില്‍ ധാരാളം ചെറുപ്രാണികളും ഉണ്ടാവും. മുട്ടയിട്ട് കുഞ്ഞുങ്ങള്‍ വളരാന്‍ പറ്റിയ കാലം. എന്നാല്‍, ഇപ്പോള്‍ ഈ പക്ഷികള്‍ തിരിച്ചെത്തുംമുമ്പെ പൂക്കാലം തീരുന്നു. യാത്രകഴിഞ്ഞുവരുന്നവയ്ക്ക് ആവശ്യമായ തീറ്റ കിട്ടില്ല. കുഞ്ഞുങ്ങള്‍ വളരാനാവാതെ നശിക്കുന്നു.

മുറ്റത്തെ മുല്ലയ്ക്ക്


തോന്നിയിട്ടില്ലേ പലപ്പോഴും, റോസാപ്പൂവിനും മുല്ലയ്ക്കും ജമന്തിക്കും മണം കുറഞ്ഞുവെന്ന്? അതെ, പൂവുകള്‍ക്ക് സുഗന്ധം കുറയുകയാണ്. പതിവില്‍ കവിഞ്ഞ ചൂട് ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സുഗന്ധമുണ്ടാക്കുന്ന പദാര്‍ഥങ്ങളെ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ ഉണങ്ങിപ്പോകുന്നതും ഇത്തരം പദാര്‍ഥങ്ങള്‍ വേഗം വരണ്ടുപോകുന്നതുമാണ് മാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.


ഓണം വിപണിയെ ലക്ഷ്യമാക്കി കര്‍ണാടകത്തിലെ അതിര്‍ത്തിഗ്രാമമായ മദ്ദൂരില്‍ ചെണ്ടുമല്ലിയും ജമന്തിയും കൃഷിചെയ്യാറുണ്ട്. കനംകുറഞ്ഞ വേനല്‍മഴ മുന്നില്‍ക്കണ്ടാണ് ഈ കൃഷി. എന്നാല്‍, കൊടും വെയിലായിരിക്കും ചില വര്‍ഷങ്ങളില്‍ ഉണ്ടാവുക. കുറെ ചെടികള്‍ ഉണങ്ങും. അവശേഷിക്കുന്ന ജമന്തിപ്പൂക്കള്‍ക്കാകട്ടെ നിറമുണ്ടാവുമെന്നല്ലാതെ മണമുണ്ടാവില്ല.

പൂക്കളുടെ മണം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ജനിതക എന്‍ജിനീയറിങ് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍. കോടിക്കണക്കിനു രൂപയ്ക്കുള്ള പൂക്കച്ചവടമാണ് തലസ്ഥാനമായ കോലാലംപുരില്‍ മാത്രം നടക്കുന്നത്.

പൂക്കളുടെ മണം കുറയുമ്പോള്‍ കുഴങ്ങുന്നത് വണ്ടുകളും പൂമ്പാറ്റകളും കൂടിയാണ്. തേന്‍തേടി അവ പറന്ന് തളരും. മലയടിവാരങ്ങളിലേക്കും ഉള്‍ക്കാടുകളിലേക്കും ഇവ താമസം മാറ്റും. നാട്ടില്‍നിന്ന് വണ്ടുകളും പൂമ്പാറ്റകളും ഒഴിഞ്ഞുപോകുമ്പോള്‍ പരാഗണം കുറയുകയും പഴങ്ങളും കായകളും കുറയുകയും ചെയ്യും.

പലവിധ കാരണങ്ങളാല്‍ വണ്ടുകള്‍ കുറഞ്ഞതുകാരണം കഴിഞ്ഞ 20 കൊല്ലത്തിനിടെ പരാഗണ തോതില്‍ 50 ശതമാനം കുറവുണ്ടായി.
പൊടിപടലങ്ങള്‍ കൂടുന്ന കാലാവസ്ഥയില്‍ പൂക്കളില്‍ പൊടി അടിഞ്ഞുകൂടി ഇവയിലെ പരാഗരേണുക്കള്‍ അടയുകയും പരാഗണം അസാധ്യമാവുകയും ചെയ്യുന്നു. പൊടി കൂടുതലുള്ള വഴിയോരങ്ങളിലെ മാവുകളും പ്ലാവുകളും ഇതനുഭവിക്കുന്നുണ്ട്.

തൃശ്ശൂരിലെ പീച്ചിയില്‍ കരിങ്കല്‍ ക്വാറികള്‍ക്കടുത്ത് നടത്തിയ നിരീക്ഷണങ്ങള്‍ ഇത് ശരിവെക്കുന്നു. വ്യാപകമായി മണ്ണെടുക്കുന്ന പ്രദേശങ്ങളില്‍ പൂങ്കുലകളുടെ വളര്‍ച്ച മുരടിക്കുകയും കായ്ഫലം കുറയുകയും ചെയ്യുന്നതായി കാണാം. പൊടി നിറഞ്ഞ വേനല്‍ നീണ്ടുനില്‍ക്കുമ്പോള്‍ നാം ഈയൊരു അപകടം മുന്‍കൂട്ടി കാണണം.


തേന്‍ എവിടെ?

മരുത്മരങ്ങള്‍ പൂക്കാതിരുന്നപ്പോള്‍ കാട്ടുനായ്ക്കര്‍ക്ക് തേന്‍ എടുക്കാനില്ലാതിരുന്ന അനുഭവങ്ങളുണ്ട്. ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയാണ് ഈ ആദിവാസികള്‍ ഉള്‍ക്കാടുകളില്‍ച്ചെന്ന് തേന്‍ ശേഖരിക്കുക. മരുത്പൂക്കള്‍ ഇല്ലാതായപ്പോള്‍ തേനീച്ചകള്‍ നിസ്സഹായരായി.

പൂക്കള്‍ കുറയുമ്പോാള്‍ തേനീച്ചകള്‍ക്ക് കൃത്രിമമധുരം കൊടുത്തുകൊണ്ടാണ് വാണിജ്യാടിസ്ഥാനത്തില്‍ തേനീച്ചവളര്‍ത്തല്‍ നടത്തുന്നത്. ഇത് തേനിന്റെ സ്വാഭാവിക ഗുണത്തില്‍ കുറവുണ്ടാക്കുന്നു. തേനില്‍ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യമുണ്ടെന്ന വാര്‍ത്തകള്‍ ഈയിടെ വിവാദമായിരുന്നുവെന്നും ഓര്‍ക്കുക.

കാലാവസ്ഥാ മാറ്റം : ചില അടയാളങ്ങള്‍

1. 1961-നും 2003-നും മധ്യേ ആഗോളതലത്തില്‍ കടല്‍നിരപ്പ് വര്‍ഷത്തില്‍ ശരാശരി 1.8 മില്ലിമീറ്റര്‍ വീതം ഉയര്‍ന്നുകൊണ്ടിരുന്നു. 1993-നും 2003-നും മധ്യേ അത് 3.1 മില്ലിമീറ്റര്‍ വീതമായി. നിരപ്പ് വര്‍ധന തുടരുകയാണ്.

2. ലോകത്തെ ഒട്ടുമിക്ക മഞ്ഞുമലകളും ഉരുകിക്കൊണ്ടിരിക്കുകയാണ്. ഹിമാലയം, കിളിമഞ്ചാരോ (ആഫ്രിക്ക), പറ്റഗോണിയ (അര്‍ജന്റീന), സ്വിസ് ആല്‍പ്‌സ് തുടങ്ങിയവ ചില ഉദാഹരണങ്ങള്‍. ഇതിനര്‍ഥം ഇവ പത്തോ ഇരുപതോ കൊല്ലംകൊണ്ട് ഉരുകിത്തീരുമെന്നല്ല.

3. കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. മഞ്ഞിനുള്ളില്‍ കുടുങ്ങിയ വളരെ സൂക്ഷ്മമായ വായുകുമിളയിലെ കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് വിശകലനം ചെയ്താണ് ഈ വര്‍ധന മനസ്സിലാക്കുന്നത്.

4. ചൂടേറിയതുകാരണം കാട്ടുതീ പെരുകി. ചൂടേറിയ വായു ഇടിമിന്നലിന് വഴിയൊരുക്കുമ്പോള്‍ കാട്ടുതീക്ക് മറ്റൊരു കാരണംകൂടിയാവുന്നു.

5. ചുഴലിക്കാറ്റും കൊടുങ്കാറ്റും വര്‍ധിച്ചു. കടല്‍നിരപ്പിലെ വെള്ളത്തിന് ചൂട് കൂടുന്നത് ഇതിനു കാരണമാണ്. മുമ്പൊരിക്കലും ഇതൊന്നും ഉണ്ടായിട്ടില്ലാത്ത ഭാഗങ്ങളിലും ഇപ്പോള്‍ ഇതുണ്ടാകുന്നു. 2004-ല്‍ അമേരിക്കയിലുണ്ടായ ടൊര്‍ണാഡൊ ഇത്തരത്തിലൊന്നാണ്.

6. രൂക്ഷമായ കാലാവസ്ഥകള്‍ ഉണ്ടാവുന്നു. അതായത് കൊടും വരള്‍ച്ച അല്ലെങ്കില്‍ അതിവര്‍ഷം. ചൂട് കൂടിയ അന്തരീക്ഷം വന്‍തോതില്‍ ബാഷ്പീകരണമുണ്ടാക്കുന്നു. വരണ്ട പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ ഈര്‍പ്പം നഷ്ടപ്പെടുന്നതിനും വരള്‍ച്ചയുണ്ടാകുന്നതിനും ഇത് കാരണമാവുന്നു. മരുഭൂമികള്‍ ഉണ്ടാകുന്നു. (അവലംബം: CMFRI കൊച്ചി റിപ്പോര്‍ട്ട്).

പച്ചവീട്ടിലെ താമസക്കാര്‍

ലോകം മുഴുവന്‍ ചൂട് കൂടുന്നതിന് പ്രധാനകാരണം ഹരിതഗൃഹ വാതകങ്ങള്‍ വര്‍ധിക്കുന്നതാണെന്ന് ശാസ്ത്രം വിലയിരുത്തുന്നു. എങ്ങനെയാണിത് സംഭവിക്കുന്നത്?


നട്ടുച്ചയ്ക്ക് പുറത്തുനിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ ഉയര്‍ത്തിയിട്ടാല്‍ ഉള്ളിലെങ്ങനെയുണ്ടാകും? പുറത്തേതിനേക്കാള്‍ രൂക്ഷമായിരിക്കും കാറിനുള്ളിലെ ചൂട്. ഇതുതന്നെയാണ് ഹരിതഗൃഹ വാതകങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കുന്നത്.

കാര്‍ബണ്‍ഡയോകൈ്‌സഡ്, മീഥേന്‍, നൈട്രിക് ഓകൈ്‌സഡുകള്‍ തുടങ്ങിയ വാതകങ്ങള്‍ വായുപടലത്തില്‍ ചൂടിനെ മുകളിലേക്ക് കടത്തിവിടാത്ത പാളിയായി നിലനില്‍ക്കുന്നു. ഇതുകാരണം ഭൂമിയില്‍ വന്നുപതിക്കുന്ന സൂര്യന്റെ ചൂട് തിരികെ പ്രതിഫലിച്ച് പോകുന്നില്ല. പകരം ഭൂമിയിലേക്കുതന്നെ ചൂടിനെ തിരിച്ചുവിടുന്നു. ഭൂമിയില്‍ ചൂട് കൂടുന്നു.

കുറഞ്ഞ തരംഗ ദൈര്‍ഘ്യമുള്ള സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് കടത്തിവിടുന്ന ഹരിതഗൃഹ വാതകങ്ങള്‍ തിരിച്ച് പ്രതിഫലിക്കുന്ന തരംഗദൈര്‍ഘ്യം കൂടിയ താപതരംഗങ്ങളെ തടയുന്നു. അകത്തെ ചൂട് പുറത്തുപോകാനാവാതെ കാറിന്റെ അകം പൊള്ളുന്നപോലെ, ഭൂമിയും പൊള്ളുന്നത് ഇങ്ങനെയാണ്.

ചെടികള്‍ വളര്‍ത്തുമ്പോള്‍ ചൂട് നിയന്ത്രിക്കുന്നതിന് പച്ചനിറത്തിലുള്ള കൂടാരങ്ങള്‍ (ഗ്രീന്‍ഹൗസ്) നിര്‍മിക്കുന്നതിന്റെ ഫലം തന്നെയാണ് ഈ വാതകങ്ങള്‍ ഭൂമിയോട് ചെയ്യുന്നത്. പച്ചക്കൂടാരങ്ങള്‍ ചെടിയിലേക്ക് എത്തുന്ന ചൂട് കുറയ്ക്കുകയാണെങ്കില്‍ ഹരിഗൃഹ വാതകങ്ങള്‍ ഭൂമിയില്‍നിന്ന് പുറത്തേക്ക് പോകുന്ന ചൂടിനെ തടയുകയാണെന്നു മാത്രം.

തണുപ്പു കൂടിയ സ്ഥലങ്ങളില്‍ ചെടികള്‍ക്ക് ചൂട് നിലനിര്‍ത്താന്‍ വേണ്ടി ചില്ലുകൂടാരങ്ങള്‍ നിര്‍മിക്കാറുണ്ട്. ഇവ ഹരിതഗൃഹ വാതകങ്ങളെപ്പോലെ ചൂട് പുറത്തുപോകാതെ തടഞ്ഞുനിര്‍ത്തുന്നു.

1960-ല്‍ കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ സാന്ദ്രത 313 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍-ദശലക്ഷത്തിന്റെ ഒരു ഭാഗം) ആയിരുന്നത് 2010-ല്‍ 389 പി.പി.എം. ആയി. ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം ഇനി പറയുന്ന തോതിലാണ്. നീരാവി: 36 മുതല്‍ 70 വരെ ശതമാനം. കാര്‍ബണ്‍ഡയോകൈ്‌സഡ്: 9-26 ശതമാനം, മീഥേന്‍: 4-9 ശതമാനം, ഓസോണ്‍: 3-7 ശതമാനം.


ഇന്ത്യന്‍തീരത്ത് കടല്‍നിരപ്പുയരുന്നു
Posted on: 06 Jan 2010
-സ്വന്തം ലേഖകന്‍



തിരുവനന്തപുരം: ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലങ്ങള്‍ ഇന്ത്യ അനുഭവിച്ചുതുടങ്ങിയതായി കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായക്.

സര്‍ക്കാര്‍ ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ തോത് കൂടുകയാണ്. കടലിന്റെ ഉപരിതലത്തിലെ ചൂട്കൂടി. മഞ്ഞുപാളികള്‍ ഉരുകുന്നതും വര്‍ധിച്ചു. ശാസ്ത്രകോണ്‍ഗ്രസ്സില്‍ 'കാലാവസ്ഥയും പരിസ്ഥിതിയും' എന്ന പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു ശൈലേഷ് നായക്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ വര്‍ഷംതോറും 3.1 മില്ലിമീറ്റര്‍ എന്ന തോതിലാണ് സമുദ്രനിരപ്പ് ഉയര്‍ന്നത്. രണ്ടായിരംവരെ 1.3 മില്ലീമീറ്റര്‍ എന്ന തോതിലായിരുന്നു ഇത്. അഞ്ചുവര്‍ഷംകൊണ്ടുള്ള ഈ മാറ്റം ആശങ്കാജനകമാണ്. കഴിഞ്ഞ നൂറുവര്‍ഷങ്ങളില്‍ ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങളാണ് കടന്നുപോയത്.

കാലവര്‍ഷത്തില്‍ ഈ മാറ്റത്തിന്റെ സ്വാധീനത്തെക്കുറിച്ച് പഠിക്കുന്നതേയുള്ളൂ. എന്നാല്‍ പരോക്ഷമായ പ്രത്യാഘാതങ്ങള്‍ വ്യക്തമായിക്കഴിഞ്ഞു. കനത്തമഴയും കടുത്ത ചൂടും അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങള്‍ കൂടുതലായി ഉണ്ടാവുന്നു. ഇത് കാലാവസ്ഥയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതിന്റെ സൂചനയാണ്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ ശേഖരിച്ച ഈ സ്ഥിതിവിവരക്കണക്കുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ കാലാവസ്ഥാ ഗവേഷണത്തിന് ഇപ്പോള്‍ 100 കോടി രൂപയാണ് അനുവദിക്കുന്നത്. കാലാവസ്ഥാ ഗവേഷണത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കാനുള്ള കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശാലമായ കടല്‍ത്തീരമുള്ള ഇന്ത്യയ്ക്ക് ആഗോളതാപനം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അറ്റ്‌മോസ് ഫിയറിക് സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ചെയര്‍മാന്‍ റോദം നരസിംഹ പറഞ്ഞു. തീരദേശത്ത് ജനസംഖ്യയും കൂടുതലാണ്. കടല്‍നിരപ്പുയരുന്നത് കടല്‍ത്തീരത്ത് താമസിക്കുന്നവരുടെ പലായനത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതാപനം കാലാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നത് പ്രവചിക്കാനാവുമെന്ന് പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മിറ്റീരിയോളജിയിലെ ആഗോളതാപന വിഭാഗം മേധാവി ഡോ. ആര്‍. കൃഷ്ണന്‍ പറഞ്ഞു. ഇതിനായുള്ള സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍.

ആഗോളതലത്തില്‍ കാര്‍ബണ്‍ വ്യാപനത്തിന്റെ തോത് 2009-ല്‍ 387 പി.പി.എം. ആയി വര്‍ധിപ്പിച്ചുവെന്ന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സസിലെ കാലാവസ്ഥാ വ്യതിയാനകേന്ദ്രം ഡയറക്ടര്‍ ജി. ബാല ചൂണ്ടിക്കാട്ടി. ഐ.എസ്.ആര്‍.ഒ. പ്രോഗ്രാം ഡയറക്ടര്‍ ഡോ. സി.ബി.എസ്. ദത്ത് കോ-ഓര്‍ഡിനേറ്ററായിരുന്നു.


ടല്‍ തിളയ്ക്കുന്നു; കൊച്ചിയിലും തിരുവനന്തപുരത്തും ചൂടേറുന്നു
Posted on: 15 Feb 2010
-എസ്.എന്‍. ജയപ്രകാശ്‌



തിരുവനന്തപുരം: കടലിലെ താപനില ഉയരുന്നതും കടല്‍കാറ്റ് വൈകുന്നതുംമൂലം തിരുവനന്തപുരത്തും കൊച്ചിയിലും ചൂടുകൂടുന്നു. ആഗോള താപനമാണ് സമുദ്ര താപനില ഉയരുന്നതിന് കാരണമായി കരുതുന്നത്.

ഫിബ്രവരി ഒന്നുമുതല്‍ 14 വരെ തിരുവനന്തപുരത്തെ ശരാശരി താപനിലയില്‍ 1.3 ഡിഗ്രിയുടെയും, കൊച്ചിയില്‍ 0.8 ഡിഗ്രിയുടെയും വര്‍ധനയുണ്ടായതായി തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ്. സന്തോഷ് പറഞ്ഞു. ഫിബ്രവരിയില്‍ തിരുവനന്തപുരത്തെ സാധാരണ താപനില 32 ഡിഗ്രിയാണ്. എന്നാല്‍ ഇത്തവണ ഇത് 33.3 ഡിഗ്രിയാണ്. കൊച്ചിയിലേത് 32 ഡിഗ്രിയില്‍ നിന്ന് 32.8 ഡിഗ്രിയായി ഉയര്‍ന്നു.

എന്നാല്‍ കോഴിക്കോട്ട് സാധാരണ താപനിലയിലും കുറവാണ്. ഫിബ്രവരിയില്‍ ഇതുവരെയുള്ള ദിവസങ്ങളില്‍ 31.3 ഡിഗ്രിയാണ് ഇവിടെ അനുഭവപ്പെട്ട ശരാശരി താപനില. വടക്കുനിന്നുള്ള തണുത്ത കാറ്റ് കാരണമാണ് വടക്കന്‍ കേരളത്തില്‍ ചൂട് കൂടാതിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിശദീകരിക്കുന്നു.

കടല്‍കാറ്റ് കടന്നുകയറുമ്പോഴാണ് കരയില്‍ ചൂട് കുറയുന്നത്. ആഗോളതാപനം കാരണം അറബിക്കടലിന്റെ ചൂട് കൂടിനില്‍ക്കുകയാണ്. ലക്ഷദ്വീപിലെ മിനിക്കോയ്, അമിനി തുടങ്ങിയ ദ്വീപുകളിലെ താപനില പരിശോധിച്ചാല്‍ ഈ വര്‍ധന മനസ്സിലാവും. ഇവിടങ്ങളില്‍ ഇപ്പോള്‍ ശരാശരി ചൂടില്‍ രണ്ട് ഡിഗ്രിവരെ വര്‍ധനയുണ്ട്.

കരയുടെ താപനില കടലിലേതിനെക്കാള്‍ കൂടിനിന്നാലേ കടല്‍ക്കാറ്റ് വരൂ. തിരുവനന്തപുരത്ത് അറബിക്കടലില്‍ നിന്നും രാവിലെ 10 മണിയോടെ വീശിയിരുന്ന കാറ്റ് ഇപ്പോള്‍ എത്തുന്നത് ഉച്ചയ്ക്ക് 12 മണിക്കാണ്. കടല്‍ക്കാറ്റ് വൈകുന്നതിനാല്‍ രാവിലെ തന്നെ കടുത്ത ഉഷ്ണം അനുഭവപ്പെട്ടുതുടങ്ങും.

തിരുവനന്തപുരത്ത് താപനില ക്രമാതീതമാകാന്‍ മറ്റൊരു കാരണംകൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിശദീകരിക്കുന്നുണ്ട്. ഇപ്പോള്‍ രാത്രിയിലും പുലര്‍ച്ചെയും ആകാശം മേഘാവൃതമായിരിക്കും. ഭൂമിയില്‍ വീഴുന്ന സൂര്യതാപം തിരിച്ച് വികിരണം ചെയ്യുന്ന പ്രതിഭാസത്തിന് ഇത് തടസ്സമാവുന്നു. കന്യാകുമാരിയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തി കാരണമാണ് ഈ സമയങ്ങളില്‍ ആകാശം മേഘാവൃതമാവുന്നത്. ഇപ്പോള്‍ പ്രഭാതങ്ങളില്‍ 24 ഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ ചൂട്. രാവിലെതന്നെ ഉഷ്ണം അനുഭവപ്പെടാന്‍ ഇത് കാരണമാവുന്നു.

ഫിബ്രവരിമാസം തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് 2005 ഫിബ്രവരി 11നാണ്. 36.3 ഡിഗ്രിയായിരുന്നു അന്ന് അനുഭവപ്പെട്ടത്.
 


കേരളം മരുഭൂമി ആവാതിരിക്കാന്‍
Posted on: 16 Mar 2010
-സുജാതന്‍ മാവേലിക്കര


ഭൂഗര്‍ഭ ജലനിരപ്പ് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വേനല്‍ച്ചൂടിനു കാഠിന്യം സഹിക്കാവുന്നതിനുമപ്പുറമായി. സൂര്യാഘാത സാധ്യതയും മുമ്പെങ്ങുമില്ലാത്ത വിധം കേരളം അനുഭവിച്ചു തുടങ്ങി. കേരളത്തിനു കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കയാണിപ്പോള്‍. കേരളം മരുഭൂമിയാവാതിരിക്കാന്‍ ജലസംരക്ഷണം അനിവാര്യമായിരിക്കുകയാണ്.

ജീവജാലങ്ങളുടെ നിലനില്പിനു ജലം അത്യന്താപേക്ഷിതമാണ്. വെള്ളത്തിനു പകരം ഉപയോഗിക്കാന്‍ മറ്റൊരു വസ്തു ഇന്നേവരെ കണ്ടെത്തിയിട്ടില്ല. പാരിസ്ഥിതിക വ്യവസ്ഥയുടെ പരമോന്നത സ്ഥാനം വഹിക്കുന്ന ജീവജലത്തില്‍ ഒരു തുള്ളിപോലും നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യരുതാത്തതാണ്. കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ പ്രകൃതിയെ മറക്കുന്ന പ്രവണത ഏറിവരികയും ജലം അന്യമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.

താപനില ഏറുന്നതിനൊപ്പം ഭൂമിയിലെ ജലനിരപ്പ് അനിയന്ത്രിതമായി താഴ്ന്നുകൊണ്ടിരിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്. നദികളുടെയും നീര്‍ത്തടങ്ങളുടെയും പാടങ്ങളുടെയും വനങ്ങളുടെയും നാശം മാത്രമല്ല, കായലുകളുടെ ആഴം കുറഞ്ഞതും ജലലഭ്യത കുറയാന്‍ കാരണമായി. കാവും കുളവും സങ്കല്പമാകുന്നു. പ്രകൃതിയെ പൂജിക്കുന്ന വലിയൊരു സംസ്‌കാരമായിരുന്നു നമുക്കുണ്ടായിരുന്നത്.

ജലവും നദിയും മരവുമെല്ലാം നാം ആരാധനയോടെ നോക്കിക്കണ്ട കാലമുണ്ടായിരുന്നു. അതു മാറി താത്കാലിക ആവശ്യത്തിനായി ഏതിനെയും ചൂഷണം ചെയ്യുന്ന മനോഭാവം കടന്നുകൂടിയതോടെ പ്രകൃതിക്കു നാശം സംഭവിച്ചുതുടങ്ങി. അനിയന്ത്രിതമായി പ്രകൃതിചൂഷണം ചെയ്യുന്ന നിലപാടിനു മാറ്റമുണ്ടായെങ്കിലേ ജലദൗര്‍ലഭ്യവും താപവര്‍ധനയും മൂലം വരാന്‍ പോകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് ആക്കം കുറയ്ക്കാനെങ്കിലും കഴിയൂ.

സമൂഹത്തിന്റെ സര്‍വവിധ സാമൂഹിക, സാമ്പത്തിക വികസനത്തിലും ജലം സുപ്രധാന പങ്കാണ് വഹിക്കുന്നത്. ജലം ധാരാളമുണ്ടെന്ന് പൊതുവെ പറയാറുണ്ടെങ്കിലും തികച്ചും പരിമിതമായ ഒരു പ്രകൃതിവിഭവമാണിത്. ഭാരതത്തില്‍ ആളോഹരി ശുദ്ധജല ലഭ്യത 1947-ല്‍ 6000 ഘനമീറ്ററായിരുന്നത് 2000-ത്തില്‍ 2200 ഘനമീറ്ററായി കുറഞ്ഞു.

ഇന്ത്യയില്‍ 4,00,000 കോടി ഘനമീറ്റര്‍ വെള്ളം പ്രതിവര്‍ഷം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ ഉപയോഗിക്കാന്‍ കഴിയുന്നത് 1,08,600 കോടി ഘനമീറ്റര്‍ മാത്രമാണ്. നാലുതരത്തിലാണ് ജലമുള്ളത്. മഴവെള്ളം, ഹിമപാതം, തുഷാരം, ഹൈമം എന്നിങ്ങനെ. ഇതില്‍ മഴവെള്ളമാണ് ഏറ്റവും ശ്രേഷ്ഠവും ഗുണകരവും . ജലസമ്പത്തിന്റെ നിദാനവും ജല സംക്രമണവും നടത്തുന്നത് പ്രധാനമായും നദികളെ ആശ്രയിച്ചാണ്. നദികള്‍ ജീവന്റെ നിലനില്പിനെ സഹായിക്കുന്ന ഏറ്റവും പ്രധാന ജൈവ ആവാസവ്യവസ്ഥയാണ്. തടസ്സമില്ലാതെ ഒഴുകുന്ന ജലവും മണലും ജല ജീവികളുമെല്ലാം ഈ ആവാസവ്യസ്ഥയുടെ അവിഭാജ്യ ഘടകമാണ്. നദികളെ കേന്ദ്രീകരിച്ചാണ് മനുഷ്യസംസ്‌കാരങ്ങള്‍ വളര്‍ന്നുവന്നിട്ടുളളത്.

നദികള്‍കൊണ്ട് കേരളം സമ്പന്നമാണ്. പശ്ചിമഘട്ട മലനിരകളില്‍നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ട്ഒഴുകുന്ന 41 നദികളും കിഴക്കോട്ടൊഴുകി കാവേരിയില്‍ ചേരുന്ന മൂന്നു നദികളും അവയുടെ 900-ത്തിലധികം വരുന്ന പോഷകനദികളും സംസ്ഥാനത്തെ ജല സമ്പുഷ്ടമാക്കാന്‍ പര്യാപ്തമാണ്. 15 കി. മീറ്ററില്‍ അധികം നീളം വരുന്ന ജലസ്രോതസ്സുകളെയാണ് നദികളെന്ന് കേരളത്തില്‍ കണക്കാക്കുന്നത്. 44 നദികളും 38 കായലുകളും 560 കി. മീറ്റര്‍ നീളം വരുന്ന സമുദ്രതീരവും മണല്‍പ്പരപ്പും കാടും മലയും താഴ്‌വരകളുമെല്ലാം ചേരുമ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടാവുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കിണറുകളുള്ള നാടാണ് കേരളം. 45 ലക്ഷത്തോളം കിണറുകള്‍ നമ്മുടെ ഭൂഗര്‍ഭ ജലവിതാനത്തിന്റെ വിസ്തൃതി വെളിവാക്കുന്നതാണ്. ജല സമ്പുഷ്ടിക്കുതകുന്ന പ്രവര്‍ത്തനങ്ങള്‍ കിണറുകളെയെല്ലാം ജല സമ്പുഷ്ടമാക്കിയിരുന്നു. എന്നാല്‍ സ്ഥിതി മാറി വരികയാണ്. കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ആളോഹരി ജലലഭ്യത നാലിലൊന്നായി കുറഞ്ഞപ്പോള്‍ കേരളത്തില്‍ അത് അഞ്ചിലൊന്നായി. ദേശീയ ശരാശരിയേക്കാളും 2.78 മടങ്ങ് മഴ കേരളത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഉപയോഗിക്കുന്നത് നാമമാത്രവും.

കേരളത്തില്‍ ആളോഹരി ശുദ്ധജല ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ജലവും ഉപയോഗിക്കുന്നതു കൃഷിക്കും വ്യവസായങ്ങള്‍ക്കുമാണ്. ഇതില്‍ അഞ്ചുശതമാനം മാത്രമാണ് വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നത്. ഉപരിജല ലഭ്യത കുറഞ്ഞതോടെ നാം ഭൂഗര്‍ഭജലത്തെ അമിതമായി ഉപയോഗിച്ചു തുടങ്ങി. മഴക്കാലത്ത് പുനഃസ്ഥാപിക്കാന്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് ഉപയോഗിക്കുന്നതിനാല്‍ ഭൂഗര്‍ഭജല വിതാനം നാള്‍ക്കുനാള്‍ താഴ്ന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ കിണറുകളിലെ ജലവിതാനം അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നു മീറ്റര്‍ വരെ താഴ്ന്നതായി ഭൂഗര്‍ഭ ജലവിഭവവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ നമ്മുടെ ഒട്ടുമിക്ക കിണറുകളും വറ്റി വരളുമെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

ജല ദുരുപയോഗത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആളോഹരി ജല ഉപയോഗം പ്രതിദിനം 120 ലിറ്ററാണ്. കേരളത്തില്‍ ഇത് 200 ലിറ്ററായി ഉയര്‍ന്ന് നില്ക്കുന്നു.അധികം ജലമുണ്ടെന്ന ധാരണയാണ് നമ്മുടെ പ്രതിസന്ധിക്കു കാരണം. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വസ്തുവാണ് ജലമെന്ന് ബന്ധപ്പെട്ടവരാരും കരുതുന്നില്ല.

നദികളുടെ പാരിസ്ഥിതിക തകര്‍ച്ചയാണ് ജല സംഭരണശേഷിയെ കുറച്ചത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍വാരല്‍ മൂലം നദികളുടെ അടിത്തട്ട് വന്‍തോതില്‍ താഴ്ന്നു. ഇക്കാരണത്താല്‍ നദീതീരത്തെ ഭൂഗര്‍ഭജല വിതാനവും കുറഞ്ഞു. മഴക്കാലം തീര്‍ന്നാല്‍ ശുദ്ധജലക്ഷാമവും തുടങ്ങുകയായി. ഇത് അടുത്ത കാലത്തെ പ്രതിഭാസമാണ്. ഭൂഗര്‍ഭജല വിതാനം ഭയാനകമാംവിധം താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന സത്യം മലയാളികള്‍ മനസ്സിലാക്കുന്നുമില്ല. കേരളത്തിലെ മിക്ക നദികളും മണല്‍വാരലിന്റെ ക്രൂരത അനുഭവിക്കുന്നവയാണ്. മൂന്നു മീറ്റര്‍ മുതല്‍ ആറു മീറ്റര്‍ വരെ താഴ്ന്ന നദികളുടെ അടിത്തട്ടില്‍ ചെളിയാണിപ്പോള്‍. മണല്‍ത്തിട്ടകള്‍ പ്രകൃതി നല്‍കിയ ജലനിയന്ത്രണോപാധിയാണ്. ഇതിനെ പാടേ മാറ്റിയതോടെ പെയ്തവെള്ളം കുത്തൊഴുക്കില്‍ പോയിമറയുന്നു.

മണല്‍വാരല്‍ രൂക്ഷമായതോടെ പലനദികളും മരിച്ചു. ഒട്ടുമിക്ക നദികളുടെയും മധ്യത്തില്‍ മണ്‍തിട്ടകളും മരങ്ങളും വ്യാപിക്കുന്നു. അടിത്തട്ട് താണ് 30 കി. മീറ്റര്‍ ഉള്ളിലേക്കു വരെ ഓരുജലം കണ്ടുതുടങ്ങി. ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിനും ഇതു കാരണമായി.
നദീതീരങ്ങളില്‍ മുന്‍പ് കുളം കുത്തിയാലും ജല പ്രളയമായിരുന്നു. ഈ സ്ഥാനത്ത് കുഴല്‍ക്കിണര്‍ കുഴിച്ചാലും ചില സ്ഥലങ്ങളില്‍ വെള്ളം കണ്ടെത്താന്‍ കഴിയുന്നില്ല.

നദികളുടെ നാശം ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴേക്കു പോകാന്‍ കാരണമായി. ഇതോടൊപ്പം പാടങ്ങള്‍ വ്യാപകമായി ഇല്ലാതായതും കേരളത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴാന്‍ കാരണമാണ്.മൂന്നുനാലു ദശാബ്ദങ്ങള്‍ക്കുള്ളില്‍ പാടങ്ങളുടെ സിംഹഭാഗവും വീടുകളും ഫ്‌ളാറ്റുകളുമായി. വെള്ളം സംഭരിച്ചുനിര്‍ത്തുന്നതില്‍ പാടശേഖരങ്ങള്‍ വലിയൊരു പങ്കുവഹിച്ചിരുന്നു. പാടശേഖരങ്ങളെയും നശിപ്പിക്കുന്ന മറ്റൊരു പ്രവര്‍ത്തനമാണ് മണ്ണെടുപ്പ്. ചെളിക്കു വേണ്ടി ആയിരക്കണക്കിനു ഹെക്ടര്‍ സ്ഥലം കുഴിച്ചു കുളം തോണ്ടുന്നു. മലകളെ ഒന്നായി ഇടിച്ചുനിരത്തി മണ്ണെടുക്കുമ്പോള്‍ ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥ ഒന്നടങ്കമാണ് താറുമാറാകുന്നത്.

മരങ്ങളും ചെടികളും പുല്ലും നിറഞ്ഞ പ്രദേശത്ത് ഭൂമി നല്ലൊരു ജലസംഭരണ കേന്ദ്രമാകും. ഇതെല്ലാം നശിപ്പിച്ച് മണ്ണു മാന്തി എടുക്കുന്നതോടെ പെയ്ത വെള്ളം താഴാതെ ഒഴുകി മാറുന്നു.കായല്‍പ്രദേശങ്ങള്‍ ഭൂമിയിലെ ജലസമ്പത്ത് നിലനിര്‍ത്തുന്ന ഘടകമാണ്. ഏഴുമീറ്റര്‍ വരെ ആഴമുണ്ടായിരുന്ന നമ്മുടെ കായല്‍പ്രദേശങ്ങള്‍ക്ക് ഇപ്പോള്‍ മൂന്നു മീറ്ററിലും താഴെയാണ് ആഴം. നദികളില്‍നിന്നൊഴുകി വരുന്ന എക്കലും മണ്ണും സമീപപ്രദേശങ്ങളിലെ മാലിന്യവുമെല്ലാം നിറഞ്ഞ് നീര്‍ത്തടങ്ങള്‍ മരണവക്ത്രത്തിലായിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ശുദ്ധജല നീര്‍ത്തടങ്ങളുടെ ആഴവും വിസ്തൃതിയും വര്‍ധിപ്പിച്ച് മഴക്കാലത്ത് കിട്ടുന്ന ഉപരിതലജലം കഴിയുന്നത്ര സംഭരിച്ചുനിര്‍ത്താന്‍ കഴിയണം. നദികളും മരങ്ങളും വനങ്ങളും പാടങ്ങളും സംരക്ഷിക്കപ്പെടണം. ശീതോഷ്ണസ്ഥിതി ക്രമീകരിക്കുന്നതിനും ഇത് അനിവാര്യമാണ്.

പ്രകൃതിയുടെ തനതു ഭാവത്തെ തകര്‍ത്ത് താത്കാലിക ലാഭത്തിനുവേണ്ടിയുള്ള മനുഷ്യന്റെ പ്രവര്‍ത്തനം ജീവജലത്തെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നു. വറുതിയുടെ താണ്ഡവം വരുംനാളുകളില്‍ അതിരൂക്ഷമാകും. കേരളത്തില്‍ സൂര്യതാപമേറ്റ് അവശരാകുന്നവര്‍ വ്യാപകമാവുകയാണ്. നാളെ കുടിവെള്ളത്തിനായി ഒരു യുദ്ധം നടക്കേണ്ടിവന്നാലും അതിശയിക്കാനില്ല. കാലങ്ങളായുള്ള അശ്രദ്ധമായ പ്രവര്‍ത്തനവും അമിത ചൂഷണവും ഹരിതാഭമായ കേരളത്തെ മരുഭൂമിയാക്കുകയാണ്. വരും തലമുറയ്ക്കായി ഒരുതുള്ളി ജീവജലത്തിനു വേണ്ടിയെങ്കിലും നാം ഇനിയും വൈകാതെ പ്രകൃതിയുടെ തനിമ നിലനിര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങളിലേക്കു മടങ്ങണം.


















Friday, November 26, 2010