
കണികാപരീക്ഷണത്തിന്റെയും അതിനുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്ന ഭീമന്‍ യന്ത്രത്തിന്റെയും ഉടമകളായ യൂറോപ്യന്‍ ആണവോര്‍ജ ഏജന്‍സി (സേണ്‍)യിലെ ശാസ്ത്രജ്ഞരാണ് ഞെട്ടിക്കുന്ന കണ്ടെത്തലിനു പിന്നില്‍. സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയിലുള്ള സേണ്‍ ഗവേഷണശാലയില്‍നിന്ന് 732 കിലോമീറ്റര്‍ അകലെ ഇറ്റലിയിലെ ഗ്രാന്‍ സാസോ ലബോറട്ടറിയിലേക്ക് ഭൂമിക്കടിയിലൂടെ അവര്‍ പരമാണു കേന്ദ്രത്തിലെ മൗലിക കണങ്ങളിലൊന്നായ ന്യൂട്രിനോ തൊടുത്തുവിട്ടു. പ്രകാശകണമെത്തുന്നതിലും വേഗത്തില്‍ അത് ഇറ്റലിയിലെത്തി.
വിശ്വാസം വരാത്തതുകൊണ്ട് 15,000 തവണ പരീക്ഷണം ആവര്‍ത്തിച്ചു. അപ്പോഴെല്ലാം ന്യൂട്രിനോയുടെ വേഗം പ്രകാശത്തിന്റെ വേഗത്തേക്കാള്‍ കൂടുതലായിരുന്നു. ഇത്രയുംതവണ ആവര്‍ത്തിച്ചിട്ടും ഒരേ ഉത്തരം കിട്ടിയാല്‍ കണ്ടെത്തല്‍ ഔപചാരികമായി പ്രഖ്യാപിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ക്കിടയിലെ അലിഖിത നിയമം. പക്ഷേ, സംഭവം പ്രകാശവേഗത്തിന്റെ കാര്യമായതുകൊണ്ട് അവര്‍ക്കതിന് ധൈര്യം വരുന്നില്ല. പ്രകാശത്തിന്റെ വേഗത്തിനൊപ്പം ഈ പ്രപഞ്ചത്തില്‍ മറ്റൊന്നിനും സഞ്ചരിക്കാനാവില്ലെന്ന ആശയമാണ് ആധുനിക ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനം.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ആപേക്ഷികതാസിദ്ധാന്തം കെട്ടിപ്പടുത്തതുതന്നെ പ്രകാശവേഗമാണ് പരമോന്നതം എന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ്. പ്രപഞ്ചകണങ്ങള്‍ക്കേതിനെങ്കിലും പ്രകാശവേഗത്തില്‍ സഞ്ചരിക്കാനായാല്‍ ഐന്‍സ്റ്റൈന് തെറ്റിയെന്നു വരും. അതോടെ ആപേക്ഷികതാ സിദ്ധാന്തം കാലഹരണപ്പെടും. അതിനെ ആധാരമാക്കി സൃഷ്ടിച്ച ആധുനിക ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളെല്ലാം കടപുഴകും. ഭൗതികശാസ്ത്രത്തിന്റെ മുഖച്ഛായതന്നെ മാറും.
അതുകൊണ്ട് ലോകവ്യാപകമായി കൂടുതല്‍ പരിശോധനകളും വിലയിരുത്തലുകളും നടത്തിയശേഷം മതി കണ്ടെത്തല്‍ പ്രഖ്യാപിക്കുന്നത് എന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബേണ്‍ സര്‍വകലാശാലയില്‍ ഹൈ എനര്‍ജി ഫിസിക്‌സ് പ്രൊഫസറായ അന്‍േറാണിയോ എറെഡിറ്റാറ്റയുടെയും കൂട്ടരുടെയും തീരുമാനം. പദാര്‍ഥത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് ന്യൂട്രിനോ പോലുള്ള മൗലികകണങ്ങള്‍. ചാര്‍ജില്ലാത്ത ന്യൂട്രിനോ തന്നെ പലതരമുണ്ട്.
അതിലൊന്നായ മ്യുവോണ്‍ ന്യൂട്രിനോ ഉപയോഗിച്ചാണ് മൂന്നുവര്‍ഷമായി എറെഡിറ്റാറ്റയുടെ നേതൃത്വത്തില്‍ പരീക്ഷണം നടക്കുന്നത്. ന്യൂട്രിനോയുടെ ചലനത്തെക്കുറിച്ച് പഠിക്കാനുള്ള ഒപേര പദ്ധതിയുടെ ഭാഗമാണീ ഗവേഷണം. അവര്‍ തൊടുത്തവിട്ട ന്യൂട്രിനോ കണം പ്രകാശത്തേ ക്കാള്‍ സെക്കന്‍ഡിന്റെ 6000 കോടിയില്‍ ഒരംശം അധികം വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തി. തീരെ ചെറിയതാണ് സമയവ്യത്യാസമെങ്കിലും സൂക്ഷ്മ കണങ്ങളുടെ കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന കണഭൗതികത്തില്‍ അതൊരു വലിയ സംഖ്യയാണ്.
പരീക്ഷണം ആവര്‍ത്തിച്ചപ്പോഴും, പറ്റാവുന്ന തെറ്റിനുള്ള കിഴിവുകള്‍ വരുത്തിയപ്പോഴും ഈ വ്യത്യാസം അങ്ങനെത്തന്നെ തുടര്‍ന്നു. അതോടെയാണ് സേണിലെ ശാസ്ത്രജ്ഞര്‍ വെള്ളിയാഴ്ച ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ളശാസ്ത്രജ്ഞര്‍ക്ക് അവ പരിശോധിക്കാം. തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം.
എല്ലാവരും ശരിവെച്ചാല്‍ കണ്ടെത്തല്‍ ഔപചാരികമായി പ്രഖ്യാപിക്കും. അതോടെ ഭൗതികശാസ്ത്രത്തില്‍ പുതിയൊരു യുഗപ്പിറവിക്ക് തുടക്കമാവും. ''അതിനു മുമ്പ് സ്വതന്ത്രമായ മറ്റൊരു പരീക്ഷണത്തിലൂടെ ഈ കണ്ടെത്തല്‍ ശരിവെക്കണമെന്നാണെന്റെ ആഗ്രഹം'' ഇപ്പോഴും പൂര്‍ണവിശ്വാസം വന്നിട്ടില്ലെന്ന മട്ടില്‍ അന്‍േറാണിയോ എറെഡിറ്റാറ്റ പറയുന്നു.